തന്നെ വളര്‍ത്തിയതില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്ക്

കാഞ്ഞങ്ങാട്: ഒന്നുമല്ലാതിരുന്ന തന്നെ ഇത്രത്തോളം വളര്‍ത്തിക്കൊണ്ടുവന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയപങ്കുണ്ടെന്ന് സിനിമാസീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ പറഞ്ഞു. ജന്മദേശം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിരാജ്. ചെറിയ ചെറിയ കലാപരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ജന്മദേശം പത്രം വാര്‍ത്തകളിലൂടെ പ്രോത്സാഹിപ്പിച്ചത് മറക്കാനാവില്ലെന്നും ഉണ്ണി പറഞ്ഞു. കാസര്‍കോടന്‍ ഭാഷാശൈലിയിലൂടെ പ്രമുഖ ഹാസ്യ താരങ്ങള്‍ക്കൊപ്പം ചുരുങ്ങിയകാലം കൊണ്ട് ഇടംനേടിയ താരമാണ് ഉണ്ണിരാജ്. മഴവില്‍ മനോരമയിലെ മറിമായം എന്ന സീരിയലിലൂടെയാണ് ഉണ്ണിരാജ് ഏറ്റവും പോപ്പുലറായി മാറിയത്. പെയിന്‍റിംഗ് ജോലിയോടൊപ്പം, സ്കൂള്‍ കലോത്സവങ്ങള്‍ക്കായി നാടകം, മൂകാഭിനയം, സ്കിറ്റ് തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനും സമയം കണ്ടെത്തിത്തുടങ്ങി. ഉണ്ണി പരിശീലിപ്പിച്ച കുട്ടികള്‍ ജില്ലാസംസ്ഥാന കലോത്സവങ്ങളില്‍ സമ്മാനങ്ങള്‍ നേടിത്തുടങ്ങിയതോടെ കൂടുതല്‍ കുട്ടികളും സ്കൂളുകളും ഇദ്ദേഹത്തെ തേടിയെത്താന്‍ തുടങ്ങി.കണ്ണങ്കൈ നാടകവേദി ചെറുവത്തൂര്‍, മാണിയാട്ട് കോറസ് കലാസമിതി എന്നിവയുള്‍പ്പെടെ ഒട്ടേറെ നാടകവേദികളില്‍ അഭിനയിച്ചു.