അറസ്റ്റിലായ വാറന്‍റുപ്രതി അക്രമാസക്തനായി പോലീസുകാരെ അക്രമിച്ചു

കാസര്‍കോട്: അറസ്റ്റിലായ വാറന്‍റുപ്രതി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ അക്രമാസക്തനായി. തലയിടിച്ച് ജനല്‍ഗ്ലാസ് തകര്‍ത്തു. തടയാന്‍ ശ്രമിച്ച എസ് ഐയെയും പോലീസുകാരനെയും ആക്രമിച്ചു. സംഭവത്തില്‍ നെക്രാജെ, ചൂരിപ്പള്ളം ഹൗസിലെ പി എ അബ്ദുല്‍ നിഷാദിനെ (28) വിദ്യാനഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. വാറന്‍റു പ്രതിയായ അബ്ദുല്‍ നിഷാദിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച ഉടനെ പ്രതി അക്രമാസക്തനാവുകയും തലയിടിച്ച് ജനല്‍ഗ്ലാസ് തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച ജൂനിയര്‍ എസ് ഐ കെ.പി.സഫ്വാന്‍ (30), സിവില്‍ പോലീസ് ഓഫീസര്‍ പ്രജിത്ത് (30) എന്നിവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പ്രതിയെ കീഴടക്കി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. 12 കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ നിഷാദെന്ന് പോലീസ് വ്യക്തമാക്കി.