മലനാട് സൊസൈറ്റി 18 നിക്ഷേപകര്‍ക്ക് പലിശയടക്കം പണം തിരികെ നല്‍കണം

രാജപുരം: ഭരണസമിതിയുടെ പിടിപ്പുകേടിനെ തുടര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് പൊളിഞ്ഞ മാലക്കല്ലിലെ മലനാട് റബ്ബര്‍ ആന്‍റ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്‍റ് പ്രൊസസിംഗ് സഹകരണ സംഘത്തിലെ 18 നിക്ഷേപകര്‍ക്ക് ഏഴ് ശതമാനം പലിശയടക്കം പണം മടക്കികൊടുക്കാന്‍ സഹകരണ വകുപ്പ് ആര്‍ബിട്രേറ്ററുടെ ഉത്തരവ്.

60 ദിവസത്തിനുള്ളില്‍ തുക മടക്കികൊടുക്കണമെന്നാണ് വിധി.അന്യായക്കാര്‍ക്ക് കോടതി ചിലവും നല്‍കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണസമിതിയുടെ മോഹനവാഗ്ദാനങ്ങളില്‍ വശംവദനായി മാലക്കല്ല് മലനാട് സൊസൈറ്റിയില്‍ 3,60,000 രൂപ ഫികസഡ് ഡെപ്പോസിറ്റ് ചെയ്ത മാവുങ്കാലിലെ അഡ്വ.രാഘവന്‍ നമ്പ്യാരുടെ മകന്‍ എം.രഞ്ജിത്ത് അടക്കം 18 നിക്ഷേപകര്‍ സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പണം പലിശയടക്കം തിരിച്ചുകൊടുക്കാന്‍ ഉത്തരവായിരിക്കുന്നത്. പൊളിഞ്ഞ സൊസൈറ്റി അവരുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് രഞ്ജിത്ത് അടക്കം ഏതാനും ആളുകള്‍ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് സമ്പാദിച്ചിരുന്നു. സൊസൈറ്റി സ്വത്ത് വില്‍ക്കുന്നുണ്ടെങ്കില്‍ പരാതിക്കാരുടെ പണം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ സൊസൈറ്റി കള്ളാര്‍ പെരുമ്പള്ളിയില്‍ ഒരു ഏക്കര്‍ സ്ഥലം വില്‍പ്പന നടത്തിയിട്ടുണ്ട്. കാസര്‍കോട് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാര്‍ക്ക് നിക്ഷേപകര്‍ പരാതി നല്‍കിയത് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. ജോയിന്‍റ് രജിസ്ട്രാര്‍ നിക്ഷേപകരുടെ പരാതി വെള്ളരിക്കുണ്ട് അസിസ്റ്റന്‍റ് രജിസ്ട്രാര്‍ക്ക് കൈമാറി. അസിസ്റ്റന്‍റ് രജിസ്ട്രാറാണ് ആര്‍ബിട്രേറ്ററെ നിയോഗിച്ചത്. 23 പേരാണ് ആദ്യം ജോയിന്‍റ് രജിസ്ട്രാറെ സമീപിച്ചത്. ആര്‍ബിട്രേറ്ററുടെ വിധി വരുന്നതിന് മുമ്പ് ഇതില്‍ നിന്നും എ.ജെ.തോമസ്, എം.എം.മോളി, എ.ജെ.ജോസ്, തങ്കമ്മ തോമസ്, തങ്കമ്മ ജോസ് എന്നീ അഞ്ച് നിക്ഷേപകര്‍ പിന്മാറി. അവരാണ് കോടതി വിധി നിലനില്‍ക്കെ പെരുമ്പള്ളിയിലെ ഒരു ഏക്കര്‍ സ്ഥലം സൊസൈറ്റിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതെന്നാണ് സൂചന.

മലനാട് സൊസൈറ്റി 6 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. നിക്ഷേപകരില്‍ പലരും സംഭവം പുറത്തുപറയുന്നില്ല. ഇതില്‍ 28 പേരാണ് സംഘത്തിനെതിരെ പരാതിയുമായി രംഗത്തിറങ്ങിയത്. ഇതിന്‍റെ ഫലമായാണ് 18 പേര്‍ അനുകൂല വിധി സമ്പാദിച്ചത്.