തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂടുപിടിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ തീയതി കുറിച്ചു. ഡിസംബര്‍ 9, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 9 നും, അവശേഷിക്കുന്ന ഏഴ് ജില്ലകളില്‍ 11 നുമാണ് വോട്ടെടുപ്പ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യാജ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പ്രസിദ്ധീകരിക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. വാര്‍ഡുവിഭജനത്തിനുശേഷം ആകെ 23,612 വാര്‍ഡുകളാണുള്ളത്. മുമ്പ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്. അന്തിമ വോട്ടര്‍പട്ടികയില്‍ 28430761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 13352996 പുരുഷന്മാരും 14959273 സ്ത്രീകളും 271 ട്രാന്‍സ്ജന്‍റര്‍മാരുമാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉള്‍ക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപോരാട്ടമായി ഏറ്റടുക്കുകയാണ് മുന്നണികള്‍. നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലോടുന്നുണ്ട്. സര്‍ക്കാരിന്‍റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എല്‍ഡിഎഫിന്‍റെ ലക്ഷ്യം.
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളില്‍; ഡിസം. 9 നും 11 നും