പനത്തടിയില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ സിപിഎം മാറ്റി

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ മാറ്റി. കെഎസ്ടിഎ മുന്‍ ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടുമായ ദിലീപ്കുമാറിനെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വം നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് സ്ഥാനം പോലെ പ്രധാനപ്പെട്ട പദവി വഹിക്കുന്നയാള്‍ക്ക് ഇനിയും മറ്റൊരു പദവി നല്‍കുന്നതിനോട് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് സിപിഎം ഏരിയാ കമ്മറ്റിയംഗം പി.തമ്പാനെ വാര്‍ഡില്‍ മത്സരിപ്പിച്ച് പ്രസിഡണ്ടാക്കാനാണ് ഒടുവിലത്തെ തീരുമാനം. തമ്പാന്‍ മുമ്പ് പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു.

പനത്തടിയില്‍ യുഡിഎഫിന് മിക്ക വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളായി. ചില വാര്‍ഡുകളില്‍ തീരുമാനമായിട്ടില്ല. ഒന്നാംവാര്‍ഡ് മാനടുക്കത്ത് എന്‍.വിന്‍സെന്‍റും പുലിക്കടവ് രണ്ടാംവാര്‍ഡില്‍ കെ.എന്‍.വിജയകുമാറും ചാമണ്ഡിക്കുന്ന് മൂന്നാംവാര്‍ഡില്‍ എന്‍.ജയകുമാറും, അഞ്ച് പട്ട്വത്ത് റീന തോമസും, ആറ് പരിയാരത്ത് റോസമ്മ ജോസഫും ഏഴ് കല്ലപ്പള്ളിയില്‍ സിന്ധുജോര്‍ജും എട്ട് നെല്ലിക്കുന്നില്‍ എസ്.മധുസൂദനനും, മുസ്ലീംലീഗിന് മാറ്റിവെച്ച പത്ത് പാണത്തൂരില്‍ സുപ്രിയ അജിത്തും പതിനൊന്ന് അരിപ്രോട് വാര്‍ഡില്‍ രാധാസുകുമാരനും 13 കുറിഞ്ഞിയില്‍ ടോം ജോസും 14 എസ് ടി പുരുഷ സംവരണ പനത്തടി വാര്‍ഡില്‍ പി.വി.സുരേഷും 15 എസ് ടി വനിത ചെറുപനത്തടി വാര്‍ഡില്‍ കെ.രാധികയും 16 പ്രാന്തര്‍കാവ് വാര്‍ഡില്‍ എ.ബിജിയും മത്സരിക്കും. യുഡിഎഫിന്‍റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കെ.ജെ.ജെയിംസ് റാണിപുരം ഒമ്പതാംവാര്‍ഡിലാണ് ജനവിധി തേടുന്നത്. അദ്ദേഹം മുമ്പും ജനപ്രതിനിധിയായിരുന്നു. പഞ്ചായത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ നേതാവാണ് ജെയിംസ്.