കാസര്‍കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ നാടകീയത. സമയം വൈകിയതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലും നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലും രണ്ട് യുഡിഎഫ് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനായില്ല. ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടമായി. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷന്‍ യുഡിഎഫ് അംഗമായ ഇര്‍ഫാന ഇഖ്ബാലിനാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. 10.30 ന് വോട്ട് ചെയ്യാന്‍ മെമ്പര്‍മാര്‍ ഹാളിലെത്തണമെന്നാണ് ചട്ടം. വോട്ടെടുപ്പ് നടക്കുമ്പോള്‍ 4 മിനുട്ട് വൈകിയതിനാലാണ് ഇര്‍ഫാന ഇഖ്ബാലിന് വോട്ടുചെയ്യാന്‍ സാധിക്കാതെ വന്നത്. ഇര്‍ഫാനയെ വരണാധികാരി വോട്ടെടുപ്പ് നടക്കുന്ന മുറിയില്‍ പ്രവേശിപ്പിച്ചില്ല. എല്‍ഡിഎഫിന്‍റെ 9 അംഗങ്ങളും യുഡിഎഫിന്‍റെ ഏഴു അംഗങ്ങളും ബിജെപിയുടെ ഒരംഗവും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തെങ്കിലും ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എല്‍ഡിഎഫിലെ സാബു അബ്രഹാമിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. വൈകി എത്തിയതിനെ തുടര്‍ന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍ രണ്ടാം ഡിവിഷന്‍ യുഡിഎഫ് മെമ്പറായ മുസ്ലിം ലീഗിലെ മുഹമ്മദലിക്കാണ് വോട്ട് നഷ്ടപ്പെട്ടത്. മുഹമ്മദലി എത്തിയത് 10.40 നാണ്. അതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. എട്ടുവോട്ടുകളോടെ എല്‍ഡിഎഫിലെ സിഎം മീനാകുമാരിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്ല്യവോട്ടായതിനാല്‍ നറുക്കെടുപ്പിലൂടെ ഇടതുമുന്നണിയിലെ പി.വി.രാജേന്ദ്രന്‍ പ്രസിഡണ്ടാവുകയായിരുന്നു. ഇവിടെ യുഡിഎഫിന് 12 ഉം, എല്‍ഡിഎഫിന് 11 ഉം വോട്ടുകളായിരുന്നു. യുഡിഎഫിലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ചന്ദ്രന്‍നാലാംവാതുക്കലിന്‍റെ വോട്ടാണ് അസാധുവായത്.
കാസര്‍കോട്ട് നാടകീയത; രണ്ടിടത്ത് മെമ്പര്‍മാര്‍ക്ക് വോട്ട് ചെയ്യാനായില്ല