കാസര്‍കോട്: ഒറ്റ സീറ്റിന്‍റെ ബലത്തില്‍ അഞ്ച് വര്‍ഷം ഇടതുമുന്നണി ഭരണം പൂര്‍ത്തീകരിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് മുന്നണി നേതൃത്വം. അതേസമയം ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് എങ്കിലും അവര്‍ക്ക് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മത്സരരംഗത്ത് സജീവമാകാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ 9 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎം തങ്ങളുടെ എട്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങികഴിഞ്ഞു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങുന്ന ചിറ്റാരിക്കാലില്‍ മാത്രമാണ് അവര്‍ക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയാത്തത്. കുറ്റിക്കോലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി സാബു എബ്രഹാം, കയ്യൂരില്‍ ഒക്ലാവ് കൃഷ്ണന്‍, പുത്തിഗെയില്‍ കെ.എ.മുഹമ്മദ് ഹനീഫ്, മടിക്കൈയില്‍ കെ.സബീഷ്, കുമ്പളയില്‍ കെ.ബി.യൂസഫ്, ചെറുവത്തൂരില്‍ സറീന സലാം, ദേലംമ്പാടിയില്‍ ഒ.വത്സല, ബേക്കലില്ഡ ടി.വി.രാധിക, ചെങ്കളയില്‍ ഷഹര്‍ബാനു എന്നിവരാണ് സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരിക്കുക. നിലവില്‍ 17 സീറ്റുണ്ടായിരുന്ന ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിയില്‍ സിപിഎം നാല്, സിപിഐ ജനതാദള്‍ കേരളാ കോണ്‍ഗ്രസ് (എം)ഒന്ന് വീതം സീറ്റുകളാണ്ടായിരുന്നത്. സ്വതന്ത്രനായ ഷാനവാസ് പാദൂരിന്‍റെ പിന്തുണയിലാണ് ഭരണം അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചത്. യുഡിഎഫില്‍ മുസ്ലീംലീഗിന് നാലും, കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളും ബിജെപിക്ക് രണ്ടുപേരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഒരു ഡിവിഷന്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 10 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ജില്ലാ പഞ്ചായത്തില്‍ അധികാരം നിലനിര്‍ത്തുമെന്നാണ് സിപിഎം തറപ്പിച്ചുപറയുന്നത്. എന്നാല്‍ ഏത് വിധേനയും ഭരണം തിരിച്ചുപിടിക്കും എന്ന വാശിയില്‍ തന്നെയാണ് യുഡിഎഫും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് വിജയത്തിന് തടസ്സമാകില്ലെന്നും വിജയസാധ്യത ഉറപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് കാലതാമസത്തിന് കാരണമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍, ദേലംമ്പാടി, കള്ളാര്‍, പിലിക്കോട്, പെരിയ ഡിവിഷനുകളില്‍ ഇടതുമുന്നണി ഉറച്ച വിജയം പ്രതീക്ഷിക്കുമ്പോള്‍ ഉദുമ, ചിറ്റാരിക്കാല്‍, ചെങ്കള, കുമ്പള, മഞ്ചേശ്വരം, ഉദുമ, സിവില്‍സ്റ്റേഷന്‍ കുഞ്ചത്തൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫും വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. നിലവില്‍ രണ്ട് സീറ്റുള്ള ബിജെപി തങ്ങളുടെ അങ്കബലം മൂന്നാ ക്കി ഉയര്‍ത്തുമെന്നാണ് അവകാശപ്പെടുന്നത്. അതേസമയം പുതുതായി രൂപീകരിച്ച ബേക്കല്‍ ഡിവിഷന്‍ ഇരുമുന്നണിക്കും കടുപ്പമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ ഡിവിഷനിലെ വിജയത്തെ ആശ്രയിച്ചായിരിക്കും ജില്ലാ പഞ്ചായത്തില്‍ ഭരണം നിര്‍ണ്ണയിക്കുക.
ജില്ലാ പഞ്ചായത്ത് മത്സരം കടുക്കും; വിധി നിര്‍ണ്ണയിക്കുക ബേക്കല്‍