ഈസ്റ്റ് എളേരിയില്‍ ഒരേ പഞ്ചായത്തില്‍ ഇരട്ട സഹോദരങ്ങള്‍ ജനവിധി തേടുന്നു

ചിറ്റാരിക്കാല്‍: ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഇരട്ടകള്‍ ജനവിധി തേടും. പഞ്ചായത്തിലെ 5-ാം വാര്‍ഡായ കാവുന്തലയില്‍ ജോസ് കുത്തിയതോട്ടിലും കാര 18-ാം വാര്‍ഡില്‍ മേഴ്സി മാണി വരിക്കാംതൊട്ടിയും മത്സരിക്കും. ഇവര്‍ ഇരട്ടകളാണ്. മേഴ്സി മാണി മുമ്പ് പഞ്ചായത്ത് മെമ്പറായിരുന്നു. നിലവില്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണാണ്. പാവലിലാണ് താമസം. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികൂടിയാണ് മേഴ്സി മാണി. ജോസ് കുത്തിയതോട്ടില്‍ രണ്ട് തവണ പഞ്ചായത്ത് മെമ്പറായി. ഒരു തവണ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു. നിലവില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത്മെമ്പറാണ്. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡണ്ടുമാണ്. ഈസ്റ്റ് എളേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ജില്ലാ റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍, കരിമ്പില്‍ കുഞ്ഞികോമന്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലധികം കാലമായി മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനാണ്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ 18 വാര്‍ഡുകളാണുള്ളത്. 18 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കുന്നു. പത്താംവാര്‍ഡായ കണ്ണിവയലില്‍ മൂന്ന് പ്രബലന്മാരാണ് സീറ്റിനുവേണ്ടി ഇടിതുടങ്ങിയിരിക്കുന്നത്. നിലവിലെ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി കണ്ണിവയല്‍ വാര്‍ഡിലാണ് കണ്ണുവെച്ചിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമ്മാവനും കണ്ണിവയല്‍ വാര്‍ഡില്‍ മത്സരിക്കണമെന്ന ആഗ്രഹവുമായി രംഗത്തുണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമെ കണ്ണിവയല്‍ സ്വദേശിയായ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോജന്‍ കുന്നേലും കണ്ണിവയല്‍ സീറ്റ് ലഭിക്കണമെന്ന ആവശ്യവുമായി നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് എളേരിയിലെ മറ്റ് വാര്‍ഡുകളില്‍ ചിലതില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. രണ്ടാംവാര്‍ഡായ ചിറ്റാരിക്കാലില്‍ ലില്ലിക്കുട്ടി ജോണും വാര്‍ഡ് 6 തയ്യേനിയില്‍ സോണിയ വേലായുധനും മത്സരിക്കും. ഒമ്പതാം വാര്‍ഡായ പാലാവയലില്‍ ജില്ലാ റബ്ബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് മാത്യു സെബാസ്റ്റ്യന്‍ നായ്ക്കംപറമ്പില്‍ മത്സരിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.