നീലേശ്വരം: കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായ നീലേശ്വരം ടൗണ്‍ വാര്‍ഡായ 34 ല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ റിബലായി മഹിളാ കോണ്‍ഗ്രസ് നേതാവ് മത്സരിക്കുന്നു. കോണ്‍ഗ്രസ് സ്വാധീന മേഖലയായ പഴയ 32-ാം വാര്‍ഡിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ 34-ാം വാര്‍ഡായ ടൗണ്‍ വാര്‍ഡ്. നിലവിലെ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് ഇ.ഷജീര്‍ ജയിച്ച വാര്‍ഡുകൂടിയാണിത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടും മഹിളാ കോണ്‍ഗ്രസ് മണ്ഡലം ട്രഷറുമായ സതി ഭരതനാണ് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. എന്നാല്‍ സതി ഭരതനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവും നാലുവര്‍ഷമായി കുടുംബശ്രീ സിഡിഎസ് അംഗവുമായി പ്രവര്‍ത്തിക്കുന്ന ഉഷ സുധാകരനാണ് റിബലായി മത്സരിക്കുന്നത്. ഇവര്‍ താമസിക്കുന്നത് നിലവിലെ 22-ാം വാര്‍ഡിലാണെങ്കിലും കുടുംബ വീടെല്ലാം നിലവിലെ 34-ാം വാര്‍ഡിലാണ്. കൂടാതെ വര്‍ഷങ്ങളായി 32-ാം വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയും 32-ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കുടുംബശ്രീ സിഡിഎസ് അംഗവുമാണ്. പത്തുവര്‍ഷം നീലേശ്വരം സഹകരണ ബാങ്ക് ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് നടന്ന വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സതിഭരതന്‍റെ പേരിനൊപ്പം ഉഷ സുധാകരന്‍റെ പേരും നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ഡിസിസിയാണ്. ഇതോടെയാണ് നേതൃത്വത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഉഷ സുധാകരന്‍ സ്വയം സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്ന് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. അവരുടെ ഫോട്ടോ വെച്ചുള്ള ' ഉഷസോടെ ഉഷ ' എന്ന ബഹുവര്‍ണ്ണ കളറിലുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെ തന്നെ സജീവമായിരിക്കുകയാണ്. വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം ജനങ്ങളും തന്‍റെ ഒപ്പം ഉണ്ടെന്നാണ് ഉഷാ സുധാകരന്‍ പറയുന്നത്. എന്തു വന്നാലും സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഉഷ പറഞ്ഞു. എങ്കിലും റിബല്‍ സ്ഥാനാര്‍ത്ഥി യുഡിഎഫിന്‍റെ വിജയത്തിന് ഒരു തടസ്സമാകില്ലെന്നും ഇതിനുമുമ്പും ശക്തമായ റിബലുണ്ടായിട്ടും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച സീറ്റാണ് ഇതെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.
നീലേശ്വരം ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസിന് റിബലായി മഹിളാ കോണ്‍ഗ്രസ് നേതാവ്