തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ബി എല്‍ ഒമാരെ വട്ടംകറക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം പുരോഗമിക്കുന്നു. എന്യൂമറേഷന്‍ ഫോം വിതരണം ഒരുകോടി പിന്നിട്ടു. ഇനി ഒന്നരക്കോടി വോട്ടര്‍മാര്‍ക്ക് കൂടി ഫോം വിതരണം ചെയ്യാനുണ്ട്. അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഓരോ ദിവസവും ലഭിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ ബി.എല്‍.ഒമാരെ വട്ടംകറക്കുകയാണ്. ആദ്യം പരിശീലനവേളയില്‍ 2025ലെ വോട്ടര്‍പട്ടികയിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുകയും പൂരിപ്പിച്ച ഫോമുക ള്‍ ആര്‍.ഒമാര്‍ക്ക് തിരികെവാങ്ങി നല്‍കിയാല്‍ മതിയെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, തിരികെവാങ്ങുന്ന ഫോമുകളിലെ മുഴുവന്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ ടൈപ്പ് ചെയ്ത് നല്‍കണമെന്നാണ് കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. ഇതിനുപുറമെ ഈ ഫോമുകളും ഫോട്ടോയും സ്കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണമെന്ന പുതിയ നിര്‍ദ്ദേശം കൂടി എത്തിയിട്ടുണ്ട്. ഇതോടെ എങ്ങനെ അടുത്തമാസം നാലിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലാണ് ബി.എല്‍.ഒമാര്‍. ഈ മാസം 25നുള്ളില്‍ എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് ബി.എല്‍.ഒമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

അങ്ങനെയെങ്കില്‍ ഇനി ഒമ്പത് ദിവസമാണ് ഫോം തിരികെവാങ്ങാനും അത് ആപ്പില്‍ രേഖപ്പെടുത്തിയ ശേഷം അപ്പ്ലോഡ് ചെയ്യാ നുമായി ലഭ്യമാവുക. പൂരിപ്പിച്ച ഓരോ എന്യൂമറേഷന്‍ ഫോമിലെയും 2002ലെ വോട്ടര്‍ പട്ടികയിലെ നമ്പര്‍, മറ്റ് വിവരങ്ങള്‍ എല്ലാം പരിശോധിക്കാന്‍ കുറഞ്ഞത് 15 മിനിറ്റെങ്കിലും സമയം വേണ്ടിവരും. അങ്ങനെവന്നാല്‍ ഒരു ദിവസത്തെ മുഴുവന്‍ സമയവും ചെലവഴിച്ചാലും ഒരു ബി.എല്‍.ഒയ്ക്ക് പൂര്‍ത്തിയാക്കാനാവുക 900ത്തില്‍ താഴെ എന്യൂമറേഷന്‍ ഫോമുകളുടെ വെരിഫിക്കേഷനായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ നിശ്ചയിക്കുന്ന ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ സേവനം പലയിടത്തും ബി.എല്‍.ഒമാര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതോടെ നിശ്ചയിച്ച സമയത്ത് എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.