കരിന്തളം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളം വാര്‍ഡില്‍ നടന്ന തീപാറുന്ന പോരാട്ടം നടത്തിയ കോണ്‍ഗ്രസ് ഐയിലെ ഉമേശന്‍ വേളൂരും സിപിഎമ്മിലെ പാറക്കോല്‍ രാജനും തമ്മില്‍ ഇത്തവണ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കിനാനൂര്‍ വാര്‍ഡില്‍ നേര്‍ക്കുനേര്‍ മത്സരം. സിപിഎം സ്ഥാനാര്‍ത്ഥി 123 വോട്ടിന് വിജയിച്ചിരുന്ന കരിന്തളം വാര്‍ഡ് ഉമേശന്‍ വേളൂര്‍ 43 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ രാജനെ തോല്‍പ്പിച്ച് വാര്‍ഡ് പിടിച്ചെടുക്കുകയാണ് ചെയ്തത്. കിനാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡില്‍ നിലവില്‍ 1000 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സിപിഎമ്മിനുള്ളത്. ഇവിടെയാണ് പാറക്കോല്‍ രാജനെതിരെ ഉമേശന്‍ വേളൂരിന്‍റെ മത്സരം. കടുത്ത പോരാട്ടത്തിലൂടെ കിനാനൂരില്‍ വിജയിക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാല്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് കിനാനൂര്‍ സീറ്റ് നിലനിര്‍ത്തുമെന്നും കഴിഞ്ഞ വര്‍ഷം കരിന്തളത്തെ തോല്‍വിക്ക് ഇത്തവണ കിനാനൂരില്‍ മധുരപ്രതികാരം വീട്ടുമെന്നാണ് ഇടതുമുന്നണി നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംഭവിച്ച പാളിച്ചകള്‍ എല്ലാം പരിഹരിച്ച് ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎം നീലേശ്വരം ഏരിയാകമ്മറ്റി മെമ്പറും അസംഘടിത തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടുമാണ് പാറക്കോല്‍ രാജന്‍. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടാണ് ഉമേശന്‍ വേളൂര്‍.
കിനാനൂരില്‍ വീണ്ടും ഉമേശന്‍ വേളൂരും പാറക്കോല്‍ രാജനും നേര്‍ക്കുനേര്‍