ജില്ലാ പഞ്ചായത്ത് റോഡിന് ബിജെപി നേതാവിന്‍റെ പേരിടാനുള്ള തീരുമാനം മാറ്റിവെച്ചു

കരിന്തളം: ജില്ലാ പഞ്ചായത്ത് റോഡിന് വളരെ രഹസ്യമായി ബിജെപി നേതാവിന്‍റെ പേരിടാനുള്ള നീക്കം ജന്മദേശം വാര്‍ത്തയെ തുടര്‍ന്ന് തല്‍ക്കാലം മാറ്റിവെച്ചു. കോയിത്തട്ട കോളംകുളം റോഡില്‍ കുമ്പളപ്പള്ളി വരെയുള്ള ഭാഗത്തിന് അടുത്തിടെ കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന അന്തരിച്ച കെ കെ നാരായണന്‍ റോഡ് എന്നും കോയിത്തട്ട ജംഗ്ഷന് കെ കെ നാരായണന്‍ ജംഗ്ഷന്‍ എന്നും നാമകരണം ചെയ്യാനുമാണ് ഗ്രാമ, ജില്ലാ പഞ്ചായത്ത് അധികൃതര്‍ രഹസ്യമായി തീരുമാനമെടുത്തത്. പേര് നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നാളെ രാവിലെ 9.30 ന് കോയിത്തട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നടത്തും എന്നാണ് അറിയിച്ചിരുന്നത്. ബിജെപി നേതാവിന്‍റെ പേര് പൊതു റോഡിനിടുവാന്‍ തീരുമാനിച്ചതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. സംഭവം സിപിഎം നേതൃത്വത്തിലും വലിയ ചര്‍ച്ചയായി. നാടിന് വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ ചെയ്ത പൊതുപ്രവര്‍ത്തകരായ പൂര്‍വ്വീകര്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഉണ്ടായിരിക്കെ റോഡിനും ജംഗ്ഷനും കെ.കെ.നാരായണന്‍റെ പേര് ഇടാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. അതീവ രഹസ്യമായായിരുന്നു നീക്കങ്ങള്‍. ഇതിന് ജില്ലാ പഞ്ചായത്തിലെ മുന്‍ ഭരണസമിതി നേതാക്കളില്‍ ചിലരുടെ കറുത്തകൈകള്‍ പ്രവര്‍ത്തിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അടുത്തുതന്നെ മറ്റ് റോഡുകളുടേയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും അപേക്ഷ വരുമെന്നാണ് സൂചന. പഴയ ആദിവാസി മൂപ്പന്‍മാരുടെ പേരിലും റോഡ് വേണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.