നീലേശ്വരം കോണ്‍വെന്‍റ് ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

നീലേശ്വരം: നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിങ് നടത്തുമ്പോള്‍ കോണ്‍വെന്‍റ് ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. മടിക്കൈ, ബസ്റ്റാന്‍റ് മലയോരം എന്നീ ഭാഗങ്ങളില്‍ നിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന കോണ്‍വെന്‍റ് ജംഗ്ഷനില്‍ അപകടവും ഗതാഗതക്കുരുക്കും പതിവാണ്. നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായിരുന്നത് കോണ്‍വെന്‍റിന്‍റെ ചുറ്റുമതിലായിരുന്നു. ഇത് പൊളിച്ച് റോഡിന് വീതി കൂട്ടിയതോടെ ഗതാഗതകുരുക്കിന് അല്‍പ്പം ശമനം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും വികസിച്ചുവരുന്ന കോണ്‍വെന്‍റ് ജംഗ്ഷനില്‍ കച്ചവട സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചുവരുമ്പോള്‍ കാലക്രമേണ വീണ്ടും ഗതാഗതകുരുക്ക് ഉണ്ടാകാനും സാധ്യത ഏറെയാണ്. അതിനാല്‍ മെക്കാഡം ടാറിങ്ങിനോട് അനുബന്ധിച്ച് തന്നെ ഇവിടെ ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കണമെന്നാണ് ഡ്രൈവര്‍മാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.