കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആവേശം കെടാതെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പില്‍ ആരെയൊക്കെ സ്ഥാനാര്‍ ത്ഥിയാക്കണമെന്നതുസംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. പ്രമുഖ നേതാക്കളുടെ മണ്ഡലമാറ്റവും സിറ്റിങ് എംഎല്‍എമാരില്‍ പലര്‍ക്കും സീറ്റ് നഷ്ടമായേക്കാമെന്ന സൂചനകളും അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലുമുള്ള ചര്‍ച്ചകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് മലപ്പുറത്തേക്ക് മാറിയേക്കുമെന്ന അഭ്യൂഹവും ഇക്കൂട്ടത്തിലുണ്ട്. യുഡിഎഫ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിക്കുന്ന സീറ്റാണ് മലപ്പുറം. വേങ്ങരയില്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ തവണ ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ ഭൂരിപക്ഷം 45,000 ആയി കൂടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയാല്‍ റെക്കോഡ് ഭൂരിപക്ഷം എന്ന കണക്കുകൂട്ടലുമുണ്ട് ലീഗ് അണികളില്‍. മണ്ഡലമാറ്റം സജീവ പരിഗണനയിലാണെന്നിരിക്കെ വേങ്ങരയിലെ ഇപ്പോഴത്തെ വോട്ടുകണക്ക് കുഞ്ഞാലിക്കുട്ടിയെ അവിടെതന്നെ തുടരാന്‍ മോഹിപ്പിക്കുന്നതാണ്. രണ്ട് തവണ അഴീക്കോട് എംഎല്‍എ ആയിരുന്ന കെ.എം.ഷാജി ഇത്തവണ അഴീക്കോട്ട് മത്സരിക്കില്ല. നിലവില്‍ എന്‍.എ. നെല്ലിക്കുന്ന് പ്രതിനിധീകരിക്കുന്ന കാസര്‍കോട്ട് കെ.എം. ഷാജി മത്സരിക്കാനാണ് സാധ്യത.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ഷാജിയുടെ പേര് കാസര്‍കോട് മണ്ഡലത്തില്‍ കേട്ടിരുന്നെങ്കിലും അന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എതിര്‍പ്പുകള്‍ നേരത്തെ തന്നെ പറഞ്ഞുപരിഹരിച്ച് കെ.എം. ഷാജി ഇപ്പോള്‍ കാസര്‍കോട് സജീവമായി രംഗത്തുണ്ട്. മഞ്ചേശ്വരത്ത് എം.കെ.എം.അഷ്റഫ് തന്നെ തുടരും. കൊണ്ടോട്ടി എംഎല്‍എ ടി.വി. ഇബ്രാഹീം വള്ളിക്കുന്നിലേക്ക് മാറാനാണ് സാധ്യത. മഞ്ചേരിയില്‍ യു.എ.ലത്തീഫിന് പകരം യുവാക്കളെയാണ് പരിഗണിക്കുന്നത്. പി. എം.എ.സലാമിന് തിരൂരങ്ങാടിയോ വള്ളിക്കുന്നോ നല്‍കിയേക്കും. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് മാറുകയാണെങ്കില്‍ പി. അബ്ദുല്‍ ഹമീദോ കുഞ്ഞാലിക്കുട്ടി നിര്‍ദേശിക്കുന്ന മറ്റൊരു പേരോ അവിടെ പരിഗണിച്ചേക്കും.
മൂന്ന് തവണ എംഎല്‍എമാരായവര്‍ മാറി നില്‍ക്കണമെന്ന വ്യവസ്ഥയില്‍ പലര്‍ക്കും ഇളവ് നല്‍കിയേക്കും. മുനീറിന്‍റെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം ഉണ്ടാവുക. മൂന്ന് ടേം പൂര്‍ത്തിയായ മലപ്പുറം എംഎല്‍എ പി.ഉബൈദുള്ള, കാസര്‍കോട്ടെ എന്‍.എ.നെല്ലിക്കുന്ന്, തിരൂരങ്ങാടി എംഎല്‍എ കെ.പി. എ.മജീദ് എന്നിവരുടെ മാറ്റം ഉറപ്പായിക്കഴിഞ്ഞു. ടേം കഴിഞ്ഞില്ലെങ്കിലും മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫിനും ഇത്തവണ സീറ്റുണ്ടാവില്ലെന്നാണ് വിവരം. എം.കെ.മുനീര്‍ മത്സരരംഗത്ത് ഉണ്ടാകുകയാണെങ്കില്‍ കൊടുവള്ളി വിട്ട് പഴയ തട്ടകമായ കോഴിക്കോട് സൗത്തില്‍ മത്സരിക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടമായ കോഴിക്കോട് സൗത്ത് തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് മുതിര്‍ന്ന നേതാവും അവിടുത്തെ മുന്‍ എംഎല്‍എ കൂടിയായ മുനീറിനെ തന്നെ പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടാനായതും മുനീറിന് ആത്മവിശ്വാസം നല്‍കുന്നു. മൂന്ന് തവണ എംഎല്‍എമാരായ പി.കെ.ബഷീറും മഞ്ഞളാംകുഴി അലിയും മാറണമെന്ന ആവശ്യവും പാര്‍ട്ടിയിലുണ്ട്. അതേനിലയുള്ള എന്‍. ഷംസുദ്ദീന് വീണ്ടും അവസരം നല്‍കാനാണ് സാധ്യത. മണ്ണാര്‍ക്കാട്ടെ വിജയസാധ്യത എന്ന പരിഗണനയും ഷംസുദ്ദീന് തുണയാണ്. ഷംസുദീനെ മത്സരിപ്പിക്കുകയാണെങ്കില്‍ പി.കെ.ബഷീറിനും മഞ്ഞളാം കുഴി അലിക്കും ഒരുതവണ കൂടി അവസരം നല്‍കണം എന്ന ആവശ്യവും ഉയരും.
പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലം മാറുകയാണെങ്കില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ പി.കെ.സമീറും സീറ്റിനായി രംഗത്തുണ്ട്. സമീറിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയരാന്‍ സാധ്യതയുള്ള വിമര്‍ശനങ്ങള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ഒപ്പം ഒരു വനിതാ ലീഗ് നേതാവിനെ മലപ്പുറത്ത് മത്സരിപ്പിക്കാനും ലീഗില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. മുസ്ലിം ലീഗില്‍ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി തങ്ങള്‍ നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച നേട്ടം നിയമസഭയില്‍ ചോര്‍ന്നുപോവാതിരിക്കാനുള്ള പഴുതുകളടച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനാണ് ലീഗ് നേതൃത്വം പദ്ധതി ആവിഷ്കരിക്കുന്നത്.