കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപി പിന്തുണയോടെ ഭരണം പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കം തടഞ്ഞത് കെപിസിസി. ഐയുഎംഎല്‍ സ്വതന്ത്രയായി നിലാങ്കര വാര്‍ഡില്‍ നിന്നും വിജയിച്ച ബിന്ദുപ്രകാശിനെ ചെയര്‍പേഴ്സണാക്കാനായിരുന്നു മുസ്ലീംലീഗിന്‍റെ നേതൃത്വത്തില്‍ ശ്രമം നടത്തിയത്. ഇതിനായി ബിജെപിയുമായി ധാരണയുണ്ടാക്കിയതായി കഴിഞ്ഞദിവസം ജന്മദേശം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിലെ കെ.പി.സിസി നേതാക്കള്‍ നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയായിരുന്നു. കെ.പി.സി.സി നേതൃത്വമാണ് അവിശുദ്ധ കൂട്ടുകെട്ടുമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ഭരണത്തിലേറെണ്ടെന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അധികാരത്തിലേറിയാല്‍ അത് സംസ്ഥാനവ്യാപകമായി ബാധിക്കുമെന്ന് കെ.പി.സി.സി നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചു. ഇതോടെയാണ് കാഞ്ഞങ്ങാട്ട് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അധികാരം പിടിച്ചെടുക്കാമെന്ന യുഡിഎഫിന്‍റെ നീക്കം പാളിയത്. ഇതിനിടയില്‍ ഐഎന്‍എല്‍ സ്വതന്ത്രയായി പതിനഞ്ചാം വാര്‍ഡായ കൗവ്വായിയില്‍ നിന്നും മത്സരിച്ച് വിജയിച്ച ലതാബാലകൃഷ്ണനെയും യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെടുകയുണ്ടായി. അവരെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ ഓഫര്‍. എന്നാല്‍ ഇത് ലത നിരസിക്കുകയായിരുന്നു. വി.വി.രമേശനെ വീണ്ടും ചെയര്‍മാനാക്കുന്നത് തടയുക എന്നതായിരുന്നു യുഡിഎഫിന്‍റെയും ബിജെപിയുടെയും നീക്കം. ഇതാണ് കെപിസിസിയുടെ ഇടപെടലോടെ ഇല്ലാതായത്. എന്നാല്‍ മുസ്ലീംലീഗുമായി ധാരണയുണ്ടാക്കാനുള്ള ശ്രമം ബിജെപിക്കുള്ളിലും ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു. അതേസമയം ഇടതുമുന്നണിയില്‍ നിന്നും ആര്‍ജെഡി യുഡിഎഫിലേക്കെത്തുമെന്നും അങ്ങനെ വന്നാല്‍ കാഞ്ഞങ്ങാട് നഗരസഭയിലേയും കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയും ഓരോ അംഗങ്ങള്‍ യുഡിഎഫിന്‍റെ ഭാഗമായി മാറുകയും കാഞ്ഞങ്ങാട് നഗരസഭയും ജില്ലാ പഞ്ചായത്തും യുഡിഎഫിന് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കെ.പി.സി.സി കണക്കുകൂട്ടുന്നത്.
കാഞ്ഞങ്ങാട്ട് കോ ലീ ബി ഭരണ നീക്കം; തടയിട്ടത് കെ.പി.സി.സി