ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാര്‍ ചുമതലയേറ്റു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ സ്ഥാനമേറ്റു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി പിലിക്കോട് എരവിലെ സി.എം.മീനാകുമാരിയും വൈസ് പ്രസിഡണ്ടായി മുഴക്കോം വടക്കേകരയിലെ കെ.രാജുവും ചുമതലയേറ്റു. കെഎസ്ടിഎ മുന്‍ ജില്ലാ പ്രസിഡണ്ടും സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായ മീനാകുമാരി ചന്തേര ഇസ്സത്തുല്‍ ഇസ്ലാം സ്കൂളില്‍ നിന്നും പ്രധാന അധ്യാപികയായി വിരമിച്ചു. എന്‍ജിഒ യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറി കെ.പ്രഭാകരനാണ് ഭര്‍ത്താവ്. രാജു നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ശ്രീമതി ടീച്ചറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മടിക്കൈ വാര്‍ഡില്‍ നിന്നും വിജയിച്ച സിപിഎമ്മിലെ കെ.സുജാതയെയും വൈസ് പ്രസിഡണ്ടായി പി.ഗോവിന്ദനെയും തിരഞ്ഞെടുത്തു. നേരത്തെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന സുജാത സിപിഎം നീലേശ്വരം ഏരിയാകമ്മറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മടിക്കൈ പുളിക്കാല്‍ സ്വദേശിനിയാണ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുള്ള സുജാത. ഭര്‍ത്താവ് വി.വി.കൃഷ്ണന്‍. മക്കള്‍ ആതിര, അശ്വതി. ബങ്കളം സ്വദേശിയായ ഗോവിന്ദന്‍ റിട്ടയേര്‍ഡ് എക്സൈസ് ഇന്‍സ്പെക്ടറാണ്. പട്ടികജാതി പട്ടിക വര്‍ഗ സ്ത്രീ സംവരണമായ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി ബാനം ഡിവിഷനില്‍ നിന്നും വിജയിച്ച ബിന്ദു കൃഷ്ണയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഇടതുമുന്നണിയിലെ ഘടകകക്ഷിയായ തായന്നൂര്‍ വാര്‍ഡില്‍ നിന്നുള്ള സിപിഐ അംഗം ടി കെ ദീപയും ചുമതലയേറ്റു. ബിന്ദു കൃഷ്ണ സിപിഎം തായന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ പനത്തടി ഏരിയ കമ്മിറ്റി അംഗവും വില്ലേജ് സെക്രട്ടറിയുമാണ്. പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചാണ് ബിന്ദു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വൈസ് പ്രസിഡണ്ട് ദീപ മഹിളാ ഫെഡറേഷന്‍ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, സിപിഐ ലോക്കല്‍ സെക്രട്ടറി, എന്‍ ആര്‍ ഇജി വര്‍ക്കേഴ്സ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി വി.പ്രകാശനെയും വൈസ് പ്രസിഡണ്ടായി പി.വി.ജ്യോതിയേയും എതിരില്ലാതെ തിരഞ്ഞെടുത്തു. നിലവില്‍ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന പ്രകാശന്‍ ബങ്കളത്താണ് താമസം. ഭാര്യ അഡ്വ.ആശാലത. മക്കള്‍ ഹാഷ്മി, ഹിര്‍ഷന്‍. സിപിഎം ആലയി ബ്രാഞ്ച് സെക്രട്ടറിയാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജ്യോതി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ വി.വി.തുളസിയെ തിരഞ്ഞെടുത്തു. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ തുളസി മൂലക്കണ്ടം സ്വദേശിനിയാണ്. പഞ്ചായത്തിലെ എട്ടാംവാര്‍ഡായ കാരക്കുഴിയില്‍ നിന്നും 872 വോട്ടിന്‍റെ വന്‍ഭൂരിപക്ഷത്തിനാണ് തുളസി വിജയിച്ചത്. കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ എം രാജനെയും വൈസ് പ്രസിഡന്‍റായി കെ.അനിതയെയും തെരഞ്ഞെടുത്തു. 5 നെതിരെ 14 വോട്ട് നേടിയാണ് എം രാജന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എം.രാജനും കോണ്‍ഗ്രസിലെ എം ഓമനയുമാണ് മല്‍സരിച്ചത്. എം.രാജന്‍ ഒന്നാം വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സിപിഎം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷ തൊഴിലാളി യൂണിയന്‍ നീലേശ്വരം ഏരിയ കമ്മിറ്റി അംഗവും എ കെ എസ് ജില്ലാ ട്രഷററുമാണ്. ബിരിക്കുളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. വൈസ് പ്രസിഡണ്ട് കെ. അനിത സിപിഎം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും മഹിള അസോസിയേഷന്‍ ഏരിയ വൈസ് പ്രസിഡണ്ടും വില്ലേജ് സെക്രട്ടറിയുമാണ്. മുമ്പ് ഒരു തവണ പഞ്ചായത്ത് അംഗവുമായിരുന്നു. കോണ്‍ഗ്രസ് ഐയിലെ വി.ലതയെ ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സിപിഎമ്മിലെ പി.രഘുനാഥിനെ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ പി വി അനുവിനെയും വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ പ്രസീത രാജനെയും തിരഞ്ഞെടുത്തു. പി.വി അനു സിപിഎം എളേരി ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവും മുന്‍ വാര്‍ഡ് അംഗവുമാണ്.പ്രസീത രാജന്‍ സിപിഎം എളേരി ഏരിയ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാണ്. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടായി കോണ്‍ഗ്രസിലെ മേഴ്സി മാണിയെ തിരഞ്ഞെടുത്തു. നിലവില്‍ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണാണ്. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ടി.വി.ജയചന്ദ്രനെയും വൈസ് പ്രസിഡണ്ടായി ടി.പി.വന്ദനയേയും തിരഞ്ഞെടുത്തു. മയ്യങ്ങാനം സ്വദേശിയായ ജയചന്ദ്രന്‍ സിപിഎം പനത്തടി ഏരിയാകമ്മറ്റി അംഗവും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സിഐടിയു പനത്തടി ഏരി യാ സെക്രട്ടറിയുമാണ്. തായന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി ബി.വിനീതയാണ് ഭാര്യ. മക്കള്‍ നന്ദന(നഴ്സിംങ് വിദ്യാര്‍ത്ഥിനി മംഗലാപുരം), നന്ദേവ്(ഏഴാംതരം വിദ്യാര്‍ത്ഥിനി കാലിച്ചാനടുക്കം ഗവണ്‍മെന്‍റ് ഹൈസ്കൂള്‍).