ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ആര്‍ എസ്എസ് നേതാവ് വി. ഡി.സവര്‍ക്കറുടെ പേരിലുള്ള പുരസ്കരത്തിന് തിരഞ്ഞെടുത്തു. എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവര്‍ക്കര്‍ ഇന്‍റര്‍നാഷണല്‍ ഇംപാക്റ്റ് അവാര്‍ഡ് നല്‍കുന്നത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍, അവാര്‍ഡ് ശശി തരൂര്‍ സ്വീകരിക്കില്ലെന്നാണ് ശശിതരൂരിന്‍റെ ഓഫീസ് നല്‍കുന്ന വിവരം. അതേസമയം മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുരസ്കാരം വാങ്ങില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. പുരസ്കാരത്തിനായി പേര് വെച്ചത് തന്നോട് ചോദിക്കാതെയാണെന്നും മാധ്യമങ്ങളിലൂടെയാണ് പുരസ്കാര വിവരം അറിഞ്ഞതെന്നും ശശി തരൂര്‍ വ്യക്തമാക്കി. സവര്‍ക്കറിന്‍റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. ശശി തരൂര്‍ അവാര്‍ഡ് നിരസിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടു. ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശശി തരൂരിന് പുരസ്കാരം സമ്മാനിക്കുമെന്നായിരുന്നു എച്ച്ആര്‍ഡിഎസ് അറിയിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ സന്നദ്ധത അറിയിച്ചതായും സംഘടന പറഞ്ഞിരുന്നു.
തരൂര്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആറുപേരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഡല്‍ഹിയില്‍ ഇന്ന് വൈകീട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അവാര്‍ഡ് കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. ദേശീയവും ആഗോളവുമായ തലങ്ങളില്‍ തരൂരിന്‍റെ വിശാലമായ സ്വാധീനമാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്. സമീപകാലത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തി തരൂര്‍ കോണ്‍ഗ്രസിന്‍റെ കണ്ണിലെ കരടായിമാറിയിരുന്നു. ഇതിനിടയിലാണ് സവര്‍ക്കറുടെ പേരിലുള്ള പുരസ്കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.