ഓടുന്ന ബസിന് തീപിടിച്ച് 20 യാത്രക്കാര്‍ വെന്തുമരിച്ചു

കുര്‍നൂല്‍: ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ ഇന്ന് പുലര്‍ച്ചെ ഇരുചക്ര വാഹനത്തില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ ബസ് കത്തി 20 പേര്‍ വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരില്‍ പലരും ഗുരുതരമായ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഹൈദരാബാദില്‍നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസ്സില്‍ ഡ്രൈവറും ജീവനക്കാരും ഉള്‍പ്പെടെ 40 പേരാണ് യാത്രചെയ്തിരുന്നത്. കുര്‍നൂല്‍ ജില്ലയിലെ ദേശീയപാത 44ല്‍ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപം പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. തീ മിനിറ്റുകള്‍ക്കകം ബസ്സിനെ ആകെ വിഴുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍നിന്ന് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ബസ്, ഒരു ബൈക്കിലിടിച്ചതിന് പിന്നാലെയാണ് തീപിടിച്ചത്. ബസ്സിനടിയില്‍നിന്നാണ് തീ ആളിപ്പടര്‍ന്നത്. 12 യാത്രക്കാര്‍ എക്സിറ്റുവഴിയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്തും പുറത്തുകടന്നു. എസി ബസ്സായതിനാലും ഡോര്‍ ലോക്കായതിനാലും പുറത്തുകടക്കാനാവാതെ പലരും വെന്തുമരിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. അതേസമയം, ഡ്രൈവറും ബസ് ജീവനക്കാരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണം നടത്തുകയാണ്. തീപ്പൊരി ഉയര്‍ന്ന് രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കത്തിച്ചാമ്പലായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഈസമയത്ത് പലരും ഉറക്കത്തിലായിരുന്നതും രക്ഷപ്പെടുന്നതിന് വിഘാതമായിട്ടുണ്ടെന്നാണ് വിവരം. 15 യാത്രികര്‍ സര്‍ക്കാര്‍ ആശുപത്രിയിലും മൂന്നുപേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കത്തിക്കരിഞ്ഞവരില്‍ ചിലരെ തിരിച്ചറിയാന്‍ പ്രയാസം നേരിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസില്‍ ടിക്കറ്റ്ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ അനുശോചിച്ചു. ഓദ്യോഗിക പര്യടനത്തിന്‍റെ ഭാഗമായി നിലവില്‍ ദുബായിലാണ് ചന്ദ്രബാബു നായിഡു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ആന്ധ്ര സര്‍ക്കാരും സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.