പോത്തിറച്ചി മുഴുവനും വിദേശ വിപണിയിലേക്ക്; നാട്ടില്‍ കിട്ടാനില്ല

കാഞ്ഞങ്ങാട്: വിദേശത്തേക്കുള്ള മാംസത്തിന്റെ കയറ്റുമതി വര്‍ധിച്ചതോടെ നാട്ടില്‍ ബീഫിന് ക്ഷാമമേറി. പെരുന്നാളിന് ഇഷ്ടവിഭവമായ പോത്തിറച്ചി കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. കഴിഞ്ഞ കുറേനാളുകളായി ഹോട്ടലുകാര്‍, കേറ്ററിങ് സര്‍വീസുകാര്‍, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ഇല്ല. ഡിമാന്‍ഡ് കൂടിയതോടെ വിലയിലും കാര്യമായ വര്‍ദ്ധനയാണുള്ളത്. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പോത്ത്, എരുമ എന്നിവ ഇറക്കുമതി നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ മാംസ കയറ്റുമതിക്കാര്‍ ചന്തകളില്‍ നിന്നു കൂടുതല്‍ വില നല്‍കി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.

ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വന്‍കിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്ക്ക് എല്ലുള്ളതിന് 360 രൂപയും എല്ലില്ലാത്തതിന് 420 രൂപയുമാണ് ഗ്രാമങ്ങളില്‍ ഇന്നത്തെ പോത്തിറച്ചിയുടെ വില. ഇതോടൊപ്പം കോഴിക്കും ആട്ടിറച്ചിക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വിലയ്ക്ക് വ്യാപാരം നടത്താനാവില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോള്‍ പലയിടത്തും വില്‍ക്കുന്നത്. മലബാറിലെ മാംത്സക്ഷാമം പരിഹരിക്കാനും കയറ്റുമതിയും ലക്ഷ്യമിട്ട് ഏഴ് വര്‍ഷം മുമ്പ് മടിക്കൈയില്‍ മാംത്സ സംസ്‌ക്കരണ സര്‍വ്വകലാശാല ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന് ബഡ്ജറ്റില്‍ തുക വകയിരുത്തുകയും ചെയ്തു.

എന്നാല്‍ പിന്നീട് രാഷ്ട്രീയ വടംവലിയും മാംത്സസംസ്‌ക്കരണ സര്‍വ്വകലാശാല നഷ്ടപ്പെടുകയാണ് ചെയ്തത്. നൂറുകണക്കിന് ആളുകള്‍ക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും ജോലി ലഭ്യമാകുന്നതോടൊപ്പം കണ്ണൂര്‍ വിമാനത്താവളം വഴി മാംത്സം കയറ്റി അയക്കാനുള്ള ലക്ഷ്യവും മാംത്സസംസ്‌ക്കരണ സര്‍വ്വകലാശാലക്ക് പിന്നില്‍ ഉദ്ദേശമുണ്ടായിരുന്നു. ഇതിനായി കാഞ്ഞിരപൊയിലില്‍ സര്‍ക്കാര്‍ കണ്ടുവെച്ച ഭൂമിയില്‍ ചെങ്കല്ല് ഖനനമാഫിയകള്‍ അനധികൃത ഖനനം നടത്തുകയാണ് ചെയ്യുന്നത്