കാബൂള്‍: വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനില്‍ വ്യോമാക്രമണം നടത്തി പാകിസ്താന്‍. ഇന്നലെ രാത്രിയില്‍ നടന്ന ആക്രമണത്തില്‍ ഒമ്പത് കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുള്ള പക്തിക, കുനാര്‍ എന്നീ മേഖലയിലാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ പാക് അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്സിന്‍റെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിസ്താനില്‍ പാകിസ്താന്‍ ആക്രമണം നടത്തിയത്. എന്നാല്‍ ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രത്തിലാണെന്നും അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നുമാണ് ഖോസ്റ്റ് പ്രവിശ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്. ആഴ്ചകള്‍ക്ക് മുമ്പ് ഇസ്ലാബാദില്‍ നടന്ന 12 പേര്‍ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു. ഒക്ടോബറില്‍ ദിവസങ്ങളോളം നീണ്ട പാക് അഫ്ഗാന്‍ അതിര്‍ത്തിയിലെ വെടിവെപ്പിന് പിന്നാലെയാണ് ഈ ചാവേറാക്രമണം നടന്നത്. പാകിസ്താനില്‍ ആക്രമണം നടത്തുന്ന ഭീകരവാദികള്‍ക്ക് അഫ്ഗാനിസ്താന്‍ അഭയം നല്‍കുന്നുവെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്. എന്നാല്‍ പാകിസ്താന്‍റെ ആരോപണങ്ങള്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം തുടര്‍ച്ചയായി നിഷേധിക്കുകയും ചെയ്യുന്നുണ്ട്.
അഫ്ഗാനില്‍ വീണ്ടും പാക് വ്യോമാക്രമണം, കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു