ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണ ഒഴുക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. യുഎസിന് റഷ്യന്‍ ഇന്ധനം വാങ്ങാമെങ്കില്‍ ഇന്ത്യക്ക് എന്തുകൊണ്ട് പറ്റില്ലെന്നും പുതിന്‍ ചോദിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി നിര്‍ത്താന്‍ യുഎസ് ഇന്ത്യക്കുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് പുതിന്‍റെ നിലപാട് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ ഊര്‍ജത്തിന്‍റെ വികസനത്തിന് ആവശ്യമായ എണ്ണ, ഗ്യാസ്, കല്‍ക്കരി തുടങ്ങിയവയ്ക്കെല്ലാം ആശ്രയിക്കാനാകുന്ന വിതരണക്കാരാണ് റഷ്യയെന്ന് ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞു. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനല്‍കിയതായിദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിഉത്പന്നങ്ങള്‍ക്കു മേല്‍ അമ്പതു ശതമാനം തീരുവ ചുമത്തിയത്. തുടര്‍ന്ന് എണ്ണവാങ്ങല്‍ നിര്‍ത്താനുള്ള വലിയ സമ്മര്‍ദ്ദവും ഇന്ത്യയ്ക്കുമേല്‍ യുഎസ് ചെലുത്തിയിരുന്നു. എന്നാല്‍, ഇന്ത്യ ഇതിന് വഴങ്ങിയിരുന്നില്ല. അതേസമയം, ട്രംപ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ ഏര്‍പ്പെടുത്തുകയും റോസ്നെഫ്റ്റ്, ലൂക്കോയില്‍ എന്നീ 2 വമ്പന്‍ റഷ്യന്‍ എണ്ണ കയറ്റുമതി കമ്പനികള്‍ക്കുമേല്‍ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വന്‍തോതില്‍ കുറച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 38% ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 ഒക്ടോബറില്‍ ഇന്ത്യ 5.8 ബില്യന്‍ ഡോളറിന്‍റെ ഇറക്കുമതി നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 3.55 ബില്യനിലേക്ക് ചുരുങ്ങി. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുതിന്‍റെ ആദ്യ ഇന്ത്യാസന്ദര്‍ശനമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ഊര്‍ജം, പ്രതിരോധം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ പുതിനും മോദി യും തമ്മില്‍ നിര്‍ണായക ചര്‍ച്ചകളും നടന്നിരുന്നു. 2026ല്‍ മോസ്കോയില്‍ നടക്കുന്ന 24-ാം വാര്‍ഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ പുതിന്‍ ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ ഇരുരാജ്യവും 16 കരാറുകളിലാണ് ഒപ്പുവെച്ചത്.
ട്രംപിനെ വെല്ലുവിളിച്ച് പുടിന്‍; ഇന്ത്യക്ക് ഇഷ്ടം പോലെ എണ്ണ നല്‍കും