ഗാഡ്ഗില്‍ അന്തരിച്ചു

പുണെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി പൂണെയില്‍ വെച്ചാണ് അന്തരിച്ചത്. അദ്ദേഹത്തിന്‍റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗില്‍ ആണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തില്‍ നടക്കും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്ത് മാധവ് ഗാഡ്ഗിലിനെ രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ ചരിത്രത്തില്‍ മാധവ് ഗാഡ്ഗില്‍ എന്ന പേര് എന്നും സ്മരിക്കപ്പെടുന്നത് അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ്. 2011ല്‍ സമര്‍പ്പിക്കപ്പെട്ട ഈ റിപ്പോര്‍ട്ട്, പശ്ചിമഘട്ടത്തിന്‍റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024ല്‍ കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്.

തന്‍റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തില്‍ എന്നും ഒരു 'ജനപക്ഷ ശാസ്ത്രജ്ഞന്‍' ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തില്‍ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024ല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' ആയി തെരഞ്ഞെടുത്തിരുന്നു. 1942ല്‍ പൂനെയില്‍ ജനിച്ച അദ്ദേഹം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടിയത്. സമ്പന്ന ഗോവന്‍ ബ്രാഹ്മണകുടുംബത്തില്‍ പിറന്ന മാധവ് ബാല്യം മുതല്‍ക്കേ ഒരു പ്രകൃതിസ്നേഹിയായിരുന്നു. കൃഷിയിടങ്ങളിലും കാലികള്‍ മേയുന്ന കുന്നുകളിലും മരങ്ങള്‍ക്കിടയിലും നടക്കാന്‍ ഏറെ ഇഷ്ടമായിരുന്ന മാധവ്, തിത്തിരി പക്ഷികളെയും മൈനകളെയും ബുള്‍ബുള്‍, വാനമ്പാടി, പരുന്ത്, പ്രാപ്പിടിയന്‍ തുടങ്ങിയ നാടന്‍ പക്ഷികളെയെല്ലാം കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു. പുണെയിലെ ഫെര്‍ഗൂസന്‍ കോളേജ്, ബോംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഹാര്‍വാഡ് യൂണിവേഴ്സിറ്റി എന്നിവയില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടി വിദേശത്ത് എത്രയോ ഉയരങ്ങളിലെത്താന്‍ കഴിയുമായിരുന്നിട്ടും അദ്ദേഹത്തിന് ഇന്ത്യയില്‍ മടങ്ങിയെത്താനായിരുന്നു താത്പര്യം. പിന്നീട് ജീവിതസഖിയായി എത്തിയ സുലോചന ഫാട്ടക്കും ഹാര്‍വാഡില്‍ ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടാന്‍ പോയിരുന്നു. തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നെങ്കിലും രണ്ടുപേരുടെയും ബിരുദാനന്തര ബിരുദ പഠനശേഷമാണ് വിവാഹം നടന്നത്. പരിസ്ഥിതി ശാസ്ത്ര ഗവേഷണത്തിന്‍റെയും സമുദ്രശാസ്ത്ര പഠനത്തിന്‍റെയും ഭാഗമായി കാടുകളിലും മേടുകളിലും നദികളിലും കടലിലും കടലോരഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും അദ്ദേഹവും സംഘവും നടത്തിയ യാത്രകള്‍ രസകരവും വിജ്ഞാനപ്രദവുമാണ്. എവിടെപ്പോയാലും അവിടത്തെ ആദിവാസി ഗോത്ര, ഗ്രാമീണ ജനങ്ങള്‍, കര്‍ഷകര്‍, കാലിമേക്കുന്നവര്‍, മീന്‍പിടിത്തക്കാര്‍ എന്നിവരുമായി ഇടപഴകി അവരോടൊപ്പം അവരുടെ ഭക്ഷണം കഴിച്ചും വസ്തുതകള്‍ ശേഖരിച്ചും വനമേഖലയില്‍ താമസിക്കുന്നവരുടെ യാതനകളും ദുരിതങ്ങളും ദാരിദ്ര്യവും അദ്ദേഹം തൊട്ടറിഞ്ഞു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 31 വര്‍ഷം സേവനമനുഷ്ഠിക്കുകയും അവിടെ സെന്‍റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'അ ണമഹസ ഡു ഠവല ഒശഹഹ: ഘശ്ശിഴ ണശവേ ജലീുഹല അിറ ചമൗൃലേ' എന്നത് അദ്ദേഹത്തിന്‍റെ ആത്മകഥയാണ്. അദ്ദേഹത്തിന്‍റെ ഭാര്യയും പ്രശസ്ത മണ്‍സൂണ്‍ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗില്‍ 2025 ജൂലൈയില്‍ അന്തരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകയും സ്പാനിഷ് അധ്യാപികയുമായ ഗൗരി ഗാഡ്ഗില്‍ മകളാണ്. പശ്ചിമഘട്ടത്തിന്‍റെ ജൈവവൈവിധ്യത്തെയും സംസ്കാരത്തെയും ഒരുപോലെ സ്നേഹിച്ച ഗാഡ്ഗിലിന്‍റെ വിയോഗം ഇന്ത്യയുടെ പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ്.