തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത കണ്ഠരര് രാജീവരെ രാജീവരെ ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലേയ്ക്ക് ചോദ്യം ചെയ്യാനായി എത്തിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളില്‍ തന്ത്രി നല്‍കിയ അനുമതികള്‍ സംശായ്പദമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നല്‍കിയ സ്പോണ്‍സര്‍ഷിപ്പ് അനുമതികള്‍ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ഠരര് രാജീവര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷണന്‍ പോറ്റിയുമായുള്ള ഇടപ്പാടുകള്‍ക്ക് തന്ത്രി നേതൃത്വം നല്‍കി. തന്ത്രിയുടെ ഇടപ്പെടല്‍ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും പത്മകുമാറിന്‍റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ലഭിച്ച ലാഭത്തിന്‍റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കണ്ഠരര് രാജീവര്‍ക്കെതിരെ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും തന്ത്രിയാണെന്നായിരുന്നു പത്മകുമാര്‍ എസ്ഐടിക്ക് മൊഴി നല്‍കിയത്. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയെന്നും തന്ത്രികൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാര്‍ മൊഴി നല്‍കിയത്.
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍