ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്‍റെ ബോഗിയില്‍ പൊലീസ് പരിശോധന നടത്തി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സര്‍ജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തല്‍. തലയിലെ മര്‍ദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നല്‍കുന്നത്. ഈ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടര്‍ ചികിത്സകളില്‍ തീരുമാനം. അതേസമയം പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ബോഗി പോലീസ് പരിശോധിച്ചു. ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൊച്ചു വേളി യാര്‍ഡില്‍ വെച്ചായിരുന്നു പരിശോധന. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.