കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂര്‍ അകമ്പാടം അരയാട് എസ്റ്റേറ്റില്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു. എസ്റ്റേറ്റില്‍ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ചിതറിയോടി. ഷാരുവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പും പോലീസും സംഭവ സ്ഥലത്തേക്ക് എത്തി. ഇക്കൊല്ലം ഇതുവരെ സംസ്ഥാനത്ത് 26 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.