സിനഡ് സമ്മേളനത്തിനിടെ സഭാ നേതൃത്വവുമായി പ്രതിപക്ഷനേതാവിന്‍റെ കൂടികാഴ്ച

കൊച്ചി: അതീവ പ്രാധാന്യമുള്ള സിനഡ് സമ്മേളനം നടക്കുന്നതിനിടെ, സിറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തി സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പെടെയുള്ള ഉന്നത സഭാ നേതാക്കളുമായി ഒരു മണിക്കൂറിലേറെ അദ്ദേഹം ചര്‍ച്ച നടത്തി. ഔദ്യോഗിക പൈലറ്റ് വാഹനവും സ്റ്റേറ്റ് കാറും ഒഴിവാക്കിയാണ് വി.ഡി.സതീശന്‍ സഭാ ആസ്ഥാനത്തെത്തിയത്. ഇന്നലെ രാത്രി ഒമ്പതേകാലോടെയായിരുന്നു ഈ അപ്രതീക്ഷിത സന്ദര്‍ശനം. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സിനഡ് സമ്മേളനം നടക്കുന്ന സമയത്ത് പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കുന്നത് അപൂര്‍വ്വമാണ്. സഭാ നേതൃത്വം ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സിനഡ് ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്‍റെ സന്ദര്‍ശനം. സഭയുടെ ഭാഗത്തുനിന്ന് സതീശനെ ക്ഷണിച്ചതാണോ അതോ അദ്ദേഹം സ്വയം എത്തിയതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സഭാ ആസ്ഥാനത്ത് എത്തുന്നതിന്‍റെയും മടങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സാമൂഹികരാഷ്ട്രീയ സാഹചര്യങ്ങളും സഭ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്ടാകാമെന്നാണ് സൂചന.