ദില്ലി: ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നല്‍കുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകള്‍ കാണണമെന്നും കോടതി പറഞ്ഞു. രേഖകള്‍ വരുന്നത് വരെ ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സാക്ഷി മൊഴികള്‍ അടക്കം കാണാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാനം മറുപടി സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന്‍റെ വാദം. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ കെ.കെ രമ പറഞ്ഞു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തതാണ് രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.