പാലക്കുന്ന് : അടുത്തിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സഹപ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് സ്പെയിന്‍ കാരനായ രഹുലും ബെല്‍ജിയക്കാരിയായ അല്‍മയും കേരളത്തിലെത്തിയത്. സഞ്ചാരപ്രിയരായ ഇവര്‍ മുമ്പും ഇന്ത്യയില്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ആദ്യമായാണെത്തിയത്. ഡിസംബര്‍ ആദ്യം ബാംഗ്ലൂരിലെത്തിയ ഇവരെ ജര്‍മനിയില്‍ ഒന്നിച്ച് ജോലിചെയ്യുന്ന പാലക്കുന്നിലെ സഹപ്രവര്‍ത്തകയാണ് പാലക്കുന്ന് ക്ഷേത്രത്തിലെ സവിശേഷമായ കലംകനിപ്പ് കാണാന്‍ ക്ഷണിച്ചത്. കലം തലയിലേന്തി കയ്യില്‍ കുരുത്തോലയുമായി ക്ഷേത്രത്തില്‍ പ്രദക്ഷിണം വെക്കുന്ന സ്ത്രീകൂട്ടങ്ങളെയും നിരത്തി വെച്ച കലങ്ങളും കണ്ട് ഇവര്‍ അന്തംവിട്ടുപോയി. ചടങ്ങിനെ പറ്റി ആകാംക്ഷയോടെ ചോദിച്ചറിഞ്ഞു. മണ്‍ചട്ടിയില്‍ മാങ്ങ അച്ചാര്‍ ചേര്‍ത്ത് വിളമ്പിയ ഉണക്കലരി കഞ്ഞിയും വേണ്ടുവോളം രുചിച്ചാണ് അവര്‍ തൃശൂരിലേക്ക് വണ്ടി കയറിയത്. ഫെബ്രുവരി രണ്ടാംവാരം വരെ കേരളയാത്രയിലാണെന്നും ഫെബ്രുവരി 6 ന് ക്ഷേത്രത്തില്‍ നടക്കുന്ന വലിയ കലം കനിപ്പ് കാണാന്‍ പാലക്കുന്നില്‍ എത്തുമെന്നും അടുത്ത് വിവാഹിതരാകാന്‍ പോകുന്ന രഹുലും അല്‍മയും പറഞ്ഞു. മഹാരാഷ്ട്രയിലെ മായയും ഇവരോടൊപ്പം ഉണ്ടായിരുന്നു.
പുത്തന്‍ മണ്‍കലങ്ങളുടെ ബാഹുല്യം കണ്ട് അന്തംവിട്ട് വിദേശികള്‍