കാസര്‍കോട്ട് ചുമതലയേല്‍ക്കുന്നത് പ്രതീക്ഷയയോടെ- കളക്ടര്‍

കാസര്‍കോട്: ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നതെന്ന് ഇന്ന് രാവിലെ സ്ഥാനം ഒഴിയുന്ന കളക്ടര്‍ കെ.ഇമ്പശേഖറില്‍ നിന്നും ചുമതലയേറ്റെടുത്ത ശേഷം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. കാസര്‍കോട് വികസനത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണ്. ഒരുപാട് അവസരങ്ങളുണ്ട്. അതൊക്കെ മനസ്സിലാക്കി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമായിക്കും പുതിയ പദ്ധതികള്‍ തയ്യാറാക്കുക. കൃത്യമായ പഠനം നടത്തിയ ശേഷമേ പദ്ധതികള്‍ തയ്യാറാക്കൂവെന്നും കളക്ടര്‍ പറഞ്ഞു. തൃശൂര്‍ കളക്ടറായിരുന്ന അര്‍ജുന്‍ പാണ്ഡ്യന്‍ അവിടെ പുതുതായി ചുമതലയേറ്റ കളക്ടര്‍ ശിഖാസുരേന്ദ്രന് അധികാരം കൈമാറിയശേഷമാണ് രാവിലെ കാസര്‍കോട്ടെത്തിയത്. പട്ടയം അടക്കം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ജനപക്ഷത്തു നിന്ന് പരിഹരിക്കും. മുന്‍ കളക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങി വെച്ച പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകുമെന്നും അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. എ ഡി എം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ പുഷ്പഹാരം നല്‍കിയാണ് അര്‍ജുന്‍ പാണ്ഡ്യനെ സ്വീകരിച്ചത്.