കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സിക്ക് ടൂറിസം ബസ്

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി ടൂറിസം ആവശ്യത്തിന് മാത്രമായി കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് ടൂറിസം ബസ് അനുവദിച്ചു. ആദ്യ ബസിന്‍റെ ഫ്ളാഗ് ഓഫ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി.സേവ്യര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയര്‍ വി.എച്ച്.ദാമോദരന്‍, കണ്‍ ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.എ.കൃഷ്ണന്‍ കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ പൊതു പ്രവര്‍ത്തകരായ പി.നന്ദകുമാര്‍ പി.രാജു ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ സ്ഥിരം യാത്രക്കാരുടെ പ്രതിനിധികളായരാധാകൃഷ്ണന്‍, ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബഡ്ജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍ കെ.പ്രദീപ്കുമാര്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും സ്വീകരണം നല്‍കി. കെ.എസ്. ആര്‍.ടി.സിയുടെ വികസനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് നഗരസഭയുടെ ഭാഗത്തു നിന്നും എല്ലാ സഹകരണവും നഗരസഭാ ചെയര്‍മാന്‍ വാഗ്ദാനം ചെയ്തു. പൂര്‍ണമായും പുതിയ ബസ്റ്റാന്‍റ് കേന്ദ്രീകരിച്ച് ബസ് സര്‍വ്വീസ് ഉടന്‍ പ്രാവര്‍ത്തികമാകുമെന്നും അപ്പോള്‍ ടൗണ്‍ കേന്ദ്രീകരിച്ച് ജില്ലാ ആശുപത്രി വഴി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കണമെന്ന നഗരസഭാ ചെയര്‍മാന്‍റെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന് കെ.എസ്.ആര്‍. ടി. സി അധികൃതര്‍ അറിയിച്ചു. 2024 നവംബറില്‍ ആരംഭിച്ച കാഞ്ഞങ്ങാട് കെ.എസ്.ആര്‍. ടി.സി യുടെ ബഡ്ജറ്റ് ടൂറിസം സെല്‍ ഇതുവരെ ഏകദിന വിനോദ യാത്രകളും ദീര്‍ഘദൂര വിനോദയാത്രകളും വിവാഹ തീര്‍ത്ഥാടനയാത്രകളും, ഉള്‍പ്പെടെ 152 ട്രിപ്പുകള്‍ ഓപ്പറേറ്റ് ചെയ്തു അമ്പത് ലക്ഷം രൂപ ഡിപ്പോയ്ക്ക് ടിക്കറ്റിതര വരുമാനമായി നേടി. ചുരുങ്ങിയ ചെലവില്‍ ജനകീയമായ ബഡ്ജറ്റ് ടൂറിസം സെല്ലിന് വലിയ ഫാന്‍സ് ഗ്രൂപ്പുകളടക്കം സജീവമാണ്.