നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയെന്ന് സൂചന; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

കാസര്‍കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകുമെന്ന് സൂചന. 2021ല്‍ ഏപ്രില്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇത്തവണ ഫെബ്രുവരി അവസാന വാരത്തിലോ മാര്‍ച്ച് ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് അഭ്യൂഹം. കാസര്‍കോട് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെയും വി വി പാറ്റുകളുടെയും ഒന്നാംഘട്ട പരിശോധനയാണ്. ഇന്ന് രാവിലെ കാസര്‍കോട് കളക്ട്രേറ്റിലെ ഇ വി എം വെയര്‍ ഹൗസില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ ആരംഭിച്ചത്. പരിശോധന 25 വരെ തുടരും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള അഞ്ച് അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ കെ ഇമ്പശേഖറിന്‍റെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, എഫ് എല്‍സി സൂപ്പര്‍ വൈസര്‍, ലിപു എസ് ലോറന്‍സ്, ഇ വി എം നോഡല്‍ ഓഫീസര്‍ കെ രാഘവന്‍ ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ രാജീവന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.