കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസിലെ പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍ അനുവദിച്ചു. രണ്ടുമാസം മുമ്പും ഇയാള്‍ക്ക് പരോള്‍ നല്‍കിയിരുന്നു. നിലവില്‍ പീതാംബരന്‍, ഗിജിന്‍ എന്നിവര്‍ പരോളിലാണ്. കഴിഞ്ഞമാസമാണ് ഒന്നാംപ്രതിയായ പീതാംബരനും അഞ്ചാംപ്രതി ഗിജിനും 15 ദിവസത്തേക്ക് പരോള്‍ നല്‍കിയത്. കേസിലെ പ്രതികള്‍ക്ക് നേരത്തെയും പരോളിനായി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 2019 ഫെബ്രുവരി 17 ലാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ പത്ത് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചിരുന്നു. സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടായിരുന്ന കെ.മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് കൊല്ലം തടവ് ശിക്ഷയും വിധിച്ചിരുന്നു. നേരത്തെ ടി പി വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസ് പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോള്‍