ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്ന് വി.കുഞ്ഞികൃഷ്ണന്‍

പയ്യന്നൂര്‍: ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തില്‍ നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍. തീവെട്ടിക്കൊള്ളക്കാരെ സംരക്ഷിക്കാന്‍ നേതൃത്വം സംഘടനാ തത്വങ്ങള്‍ നിര്‍ലജ്ജം ഉപയോഗിക്കുന്നു. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്‍റെ ശൈലിയാണ് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍റേതെന്നും പുസ്തകത്തിലുണ്ട്. അടുത്ത ബുധനാഴ്ച പുസ്തകം പ്രകാശനം ചെയ്യും. രക്തസാക്ഷി ഫണ്ട് തട്ടിപ്പുള്‍പ്പെടെ സാമ്പത്തിക ക്രമക്കേടുകളും അതിന്‍റെ വിശദമായ കണക്കുകളുമാണ് 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന് പേരിട്ട പുസ്തകത്തില്‍ പ്രധാനമായും ഉള്ളത്. ഇതിനൊപ്പമാണ് പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിക്കുന്നത്. സിപിഎമ്മിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു. ഒരു സാധാരണ തിരഞ്ഞെടുപ്പ് പാര്‍ട്ടിയായി സിപിഎം മാറി. നേതാക്കള്‍ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ പ്രയോക്താക്കളായി. അവരെക്കുറിച്ച് പഠിച്ചാല്‍ ഒരു പ്രബന്ധം തന്നെ തയ്യാറാക്കാനുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

16 അദ്ധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തില്‍ പയ്യന്നൂര്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. എതിര്‍ക്കുന്നവരോട് മരണം വരെ പകവച്ച് പുലര്‍ത്തുന്ന ആളാണ് എംഎല്‍എ എന്നും പറയുന്നുണ്ട്. പയ്യന്നൂരിലെ പാര്‍ട്ടി നന്നാവണമെങ്കില്‍ ടി എ മധുസൂദനന്‍ ആദ്യം നന്നാവണം. ആശ്രിതരെ സൃഷ്ടിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണ് മധുസൂദനന്. താനാണ് പാര്‍ട്ടി. താന്‍ പറയുന്നതേ നടപ്പാവൂ എന്നതാണ് രീതിയെന്നും പുസ്തകത്തില്‍ പറയുന്നു. അപമാനിക്കപ്പെട്ടിട്ടും ഒന്നിച്ചുപോകാന്‍ ശ്രമിച്ചിട്ടും പയ്യന്നൂരിലെ വിഭാഗീയതയുടെ അടിസ്ഥാന കാരണം മനസിലാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തയ്യാറായില്ല. പാര്‍ട്ടിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സഖാക്കള്‍ക്കാണെന്ന് നേതൃത്വം ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. അത് ആത്മാര്‍ത്ഥമാണെന്ന് കരുതിയാണ് തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്. നേതാക്കള്‍ തെറ്റ് ചെയ്താല്‍ മിണ്ടരുതെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 'പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ അന്ത്യം' എന്ന തലക്കെട്ടോടെയാണ് അദ്ധ്യായം തീരുന്നത്. പാര്‍ട്ടിക്കകത്തെ തെറ്റുകള്‍ക്കെതിരെയും സമൂഹത്തിലെ അനീതികള്‍ക്കെതിരെയും സധൈര്യം പോരാടിയ സഖാവ് വി എസ് അച്യുതാനന്ദന്‍റെ ജ്വലിക്കുന്ന സ്മരണയ്ക്ക് മുമ്പില്‍ പുസ്തകം സമര്‍പ്പിക്കുന്നു എന്നാണ് അവസാനം പറഞ്ഞിരിക്കുന്നത്.