മുംബൈ: അജിത് പവാറിന്‍റെ വിയോഗത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ എന്‍. സി.പി. നേതൃത്വം, അജിത് പവാറിന്‍റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി. നിലവില്‍ അവര്‍ രാജ്യസഭാംഗമാണ്. എം.എല്‍.എ.മാരെയെല്ലാം ഒന്നിച്ചുനിര്‍ത്തി ബി.ജെ. പി മുന്നണിയോടൊപ്പം പാര്‍ട്ടിയെ നിലനിര്‍ത്താന്‍ കഴിയുന്ന നേതാവിനെയാണ് പാര്‍ട്ടി തിരയുന്നത്. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായേക്കുമെന്നും നേതാക്കള്‍ പലരും സൂചിപ്പിക്കുന്നു. നിയമസഭാകക്ഷി നേതാവായി ആരുവരുമെന്നുള്ള പ്രധാന ചോദ്യം ഉയര്‍ന്നതോടെയാണ് സുനേത്രാ പവാറിന്‍റെ പേര് സജീവമായത്. മറാഠാ നേതാവിനെ മാത്രമേ പാര്‍ട്ടി എം.എല്‍. എ.മാര്‍ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബാരാമതിയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സുനേത്രാ പവാര്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും അവര്‍ പിന്നീട് നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടിനേതാക്കള്‍ വ്യക്തമാക്കുന്നത്. എന്‍.സി. പി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച സമയത്താണ് അജിത് പവാര്‍ വിടപറഞ്ഞത്. പുണെയിലെയും പിംപ്രി ചിഞ്ച്വാഡിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ക്കായി ഇരുപാര്‍ട്ടികളും കൈകോര്‍ത്തിരുന്നു. നിരാശാജനകമായ ഫലങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. അജിത് പവാറിന്‍റെ മരണം ഇപ്പോള്‍ പിന്തുടര്‍ച്ചയെക്കുറിച്ചുള്ള ചോദ്യവും ലയനസാധ്യതയും സംസ്ഥാന രാഷ്ട്രീയത്തിന്‍റെ കേന്ദ്രബിന്ദുവാക്കിയിരിക്കുന്നു. സുനേത്രാ പവാര്‍ വര്‍ഷങ്ങളോളം സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. 2024ല്‍ ശരദ്പവാറിന്‍റെ മകളായ സുപ്രിയാ സുലെയ്ക്കെതിരേ ബാരാമതി ലോക്സഭാ സീറ്റില്‍ മത്സരിച്ചപ്പോഴാണ് അവരുടെ ഔപചാരിക രാഷ്ട്രീയപ്രവേശം നടന്നത്. അന്ന് അവര്‍ പരാജയപ്പെട്ടെങ്കിലും മത്സരം അവര്‍ക്ക് സംസ്ഥാനവ്യാപകമായി നേതാവിന്‍റെ പരിവേഷം നല്‍കി. പിന്നീട് 2024ല്‍ മഹായുതി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെ അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബാരാമതിയുമായുള്ള ബന്ധമാണ് അവരുടെ ശക്തി. അജിത് പവാറിന്‍റെ മകന്‍ പാര്‍ഥ് മാവലില്‍നിന്ന് മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ അവകാശിയായി ഉയര്‍ത്തിക്കാട്ടപ്പെട്ടു. അദ്ദേഹത്തിന്‍റെ തോല്‍വിയും തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള പിന്‍വാങ്ങലും ആ പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. കുടുംബപ്പേര് അദ്ദേഹത്തെ രാഷ്ട്രീയമായി പ്രസക്തനാക്കുന്നുണ്ടെങ്കിലും പാര്‍ഥിന് ശക്തമായ ഒരു നിയോജകമണ്ഡലശൃംഖലയോ പാര്‍ട്ടി അനുയായികളോ ഇല്ല. പാര്‍ട്ടിപ്രവര്‍ത്തകരെയും എം .എല്‍.എ.മാരെയും സുനേത്രക്ക് ഒന്നിപ്പിച്ചുനിര്‍ത്താന്‍ കഴിയുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
അജിത്തിന്‍റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര ഉപമുഖ്യമന്ത്രിയായേക്കും