ചെറുവത്തൂര്‍: ചെറുവത്തൂര്‍ ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷന്‍ റോഡിലേക്കു പോകുന്നതിന് സൗകര്യപ്രദമായ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതി നടത്തുന്ന നിരാഹാര സമരം 30 ദിവസം പിന്നിട്ടു. ചെറുവത്തൂര്‍ ടൗണില്‍ നിന്ന് റെയില്‍വെ സ്റ്റേഷനിലേക്കു പോകുന്ന വഴിയില്‍ ദേശീയ പാത മുറിച്ചു കടക്കുന്നതിനു അധികൃതര്‍ ഉണ്ടാക്കിയ ഗുഹ പോലുള്ള അടിപ്പാതയിലൂടെ ഇരു ചക്ര വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാന്‍ കഴിയു. ഇതിനെതിരെയാണ് കര്‍മ്മസമിതി പ്രക്ഷോഭമാരംഭിച്ചത്. ഒരു മാസത്തോളം കുത്തിയിരിപ്പു സമരം നടത്തിയ ശേഷമാണ് പ്രതിഷേധം നിരാഹാര സമരത്തിലേക്കു മാറ്റിയത്. സമരം ഇപ്പോള്‍ 55 ദിവസം കഴിഞ്ഞു. എങ്കിലും അധികൃതര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധം രൂക്ഷമാക്കുകയാണ്. എപ്പോഴും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. തിരക്കൊഴിവാക്കാനും ഗതാഗതം സുതാര്യമാക്കാനും നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധം രൂക്ഷമാക്കുമെന്ന് കര്‍മ്മസമിതി മുന്നറിയിച്ചു.
ചെറുവത്തൂര്‍ അടിപ്പാത: നിരാഹാര സമരം മുപ്പത് ദിവസം പിന്നിട്ടു