മല്ലം ക്ഷേത്രപൂജാരി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

കാസര്‍കോട്: മല്ലം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാരനെ തോട്ടിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, വിട്ള സ്വദേശിയായ ബി.അനന്ത കൃഷ്ണ ഭട്ടാണ് (49) മരിച്ചത്. 27 വര്‍ഷം മുമ്പാണ് ഇദ്ദേഹം മല്ലം ക്ഷേത്രത്തില്‍ ശാന്തിക്കാരനായി എത്തിയതെന്ന് സഹോദരന്‍ പറഞ്ഞു. ക്ഷേത്രത്തിന് അതീനതയിലുള്ള കെട്ടിടത്തില്‍ താമസിച്ചാണ് ജോലിചെയ്തുവരുന്നത്. ഇന്നലെ വൈകീട്ട് ക്ഷേത്രത്തില്‍ ശാന്തിക്ക് എത്താത്തിനെതുടര്‍ന്ന് ജീവനക്കാര്‍ താമസ സ്ഥലത്ത് ചെന്നെങ്കിലും അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നടന്നുപോകുന്നത് കണ്ടു. പരിസരങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ കാര്‍ഷിക ആവശ്യത്തിന് കെട്ടിനിര്‍ത്തിയ വെള്ളകെട്ടില്‍ വീണിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് അധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആദൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെങ്കിട്ടരമണ ഭട്ട് കലാവതി ദമ്പതികളുടെ മകനാണ് ബി. അനന്തകൃഷ്ണഭട്ട്. സഹോദരങ്ങള്‍: ശ്രീപതി ഭട്ട്, പ്രഭാവതി, ഭാഗ്യലക്ഷ്മി. സീനിയര്‍ ഫയര്‍ ആന്‍റ് റസ്ക്യു ഓഫീസര്‍ ഉമേശന്‍, ഫയര്‍മാന്മാരായ നൗഫല്‍, ശബില്‍, ഹോംഗാര്‍ഡുമാരായ രാജു, രാജേന്ദ്ര എന്നിവരാണ് വെള്ളക്കെട്ടില്‍ നിന്നും രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.