കാസര്‍കാട്: ചെര്‍ക്കള, എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച. തറവാട് വീടിന്‍റെ പൂജാമുറിയുടെ വാതിലിന്‍റെ പൂട്ടുതകര്‍ത്ത്അകത്തു കടന്ന മോഷ്ടാക്കള്‍ രണ്ടു പവന്‍ സ്വര്‍ണ്ണത്തിന്‍റെയും മുക്കാല്‍ കിലോ തൂക്കമുള്ള വെള്ളിയുടെയും തിരുവാഭരണങ്ങള്‍ കവര്‍ന്നു. മൂന്നു ഭണ്ഡാരങ്ങളില്‍ നിന്നായി 33,000 രൂപയും നഷ്ടപ്പെട്ടു. ഫെബ്രുവരിയില്‍ നടക്കുന്ന വാര്‍ഷിക തെയ്യം കെട്ടു മഹോത്സവ സമയത്ത് തെയ്യത്തിന് അണിയിക്കുന്ന തിരുവാഭരണങ്ങളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. ഇന്നലെ ദീപം തെളിക്കാനെത്തിയ തറവാട്ടംഗമായ ബാലകൃഷ്ണനാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് തറവാട്ടംഗങ്ങളെയും വിദ്യാനഗര്‍ പോലീസിനെയും വിവരം അറിയിച്ചു. എസ്ഐമാരായ അനൂബ്, വിജയന്‍ മേലത്ത് എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ് പൂജാമുറിയിലുണ്ടായിരുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ പ്രാദേശിക കവര്‍ച്ചക്കാരായിരിക്കും പിന്നിലെന്ന് സംശയിക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്തിടെ ശിക്ഷ കഴിഞ്ഞോ റിമാന്‍റ് കാലാവധി കഴിഞ്ഞോ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.
എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച