സജിത്ത് തുരുത്തിക്ക് ഓടപ്പഴം പുരസ്കാരം

ചെറുവത്തൂര്‍: നാടന്‍ പാട്ട് രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2025 ലെ കലാഭവന്‍ മണി ഫൗണ്ടേഷന്‍ 'ഓടപ്പഴം' സംസ്ഥാന പുരസ്കാരം അച്ചാംതുരുത്തിയിലെ സജിത്ത് തുരുത്തിക്ക്. 25 വര്‍ഷത്തിലേറെയായി വിവിധ കലാരംഗങ്ങളില്‍ സജീവമായ സജിത്ത് നാടന്‍പാട്ട് നാടന്‍ കലാരംഗത്ത് അന്വേഷകന്‍, പ്രചാരകന്‍, പ്രയോക്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കുട്ടികളുടെ വിവിധങ്ങളായ കലാജാഥകളുടെ ആവിഷ്ക്കാരത്തിനും അവതരണത്തിനും നേതൃത്വം നല്‍കുന്നുണ്ട്. മലബാറിലെ വിവിധ ആചാര അനുഷ്ഠാന രീതികളിലുള്ള തോറ്റം പാട്ടുകളില്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. റെഡ് എഫ്എമ്മില്‍ നാടന്‍ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. യുഎഇയിലെ സാംസ്കാരിക സംഘടനയായ സമന്വയ സംഘടിപ്പിച്ച ഫോക്ലോര്‍ ഫെസ്റ്റിന്‍റെ മുഖ്യ സംഘാടകനായിരുന്നു. സ്കൂള്‍ യുവജനോത്സവം ഉള്‍പ്പെടെ വിവിധ കലോത്സവങ്ങളില്‍ വിധികര്‍ത്താവായിട്ടുണ്ട്.