കാഞ്ഞങ്ങാട്: കാര്‍ഷികമേഖലക്കും സ്ത്രീ ശാക്തീകരണത്തിനും വികസനത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് 128,59,39,157 രൂപ വരവും 1109584000 ചിലവും 176355157 രൂപ മിച്ചവും വരുന്ന കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണയോഗത്തില്‍ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷനായി. വിവരസാങ്കേതിക വിദ്യ ഉള്‍പ്പെടുന്ന ആധുനീകമായി പരീക്ഷിച്ച് വിജയിച്ച കൃഷിരീതികള്‍ ഉല്‍പ്പാദനമേഖലയില്‍ വിന്യസിച്ചുകൊണ്ടുള്ള പദ്ധതികളാണ് ബജറ്റില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കിഴങ്ങ് വര്‍ഗ്ഗ വിളകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തെങ്ങ്, നെല്ല് മേഖലകളില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയും കാര്‍ഷികമേഖലക്ക് കരുത്ത് പകരുന്നതിന് കാര്‍ഷിക കര്‍മ്മസേനകള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയും തരിശുരഹിത കൃഷിഭൂമിയുടെ വ്യാപനവും ബജറ്റ് ലക്ഷ്യമിടുന്നു. നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഒരു ചെന്തെങ്ങിന്‍റെ തൈ നല്‍കി കേരകൃഷിയെ പ്രോത്സാഹിപ്പിക്കും. കറവപശുക്കള്‍ക്ക് മാസംതോറും പകുതിവിലയില്‍ കാലിതീറ്റയും പാലുല്‍പ്പാദനത്തിന് സബ്സിഡിക്ക് പുറമെ കറവയന്ത്ര വിതരണവും കാലിതൊഴുത്ത് നിര്‍മ്മാണ സഹായവും മിനിഡയറി ഫാം ആധിനീക വല്‍ക്കരണവും യാഥാര്‍ത്ഥ്യമാക്കും. നഗരസഭാതലത്തില്‍ ചെറുകിട സംരംഭയൂണിറ്റുകള്‍ തുടങ്ങും. ഇതിലൂടെ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവുമാണ് ലക്ഷ്യമിടുന്നത്. സ്ത്രീശാക്തീകരണ പ്രക്രിയകള്‍ മെച്ചപ്പെടുത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. വീട്ടുരുചികളോടെ നല്ല ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ സ്ഥാപിക്കും. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ആലാമിപ്പള്ളി ബസ്റ്റാന്‍റ് കേന്ദ്രീകരിച്ച് സ്ത്രീ സൗഹൃദശൗചാലയം സ്ഥാപിക്കും. ആലാമിപ്പള്ളി ബസ്റ്റാന്‍റില്‍ സ്ത്രീകള്‍ക്കായി ജിം സ്ഥാപിക്കാനും തുക നീക്കിവെച്ചിട്ടുണ്ട്. നഗരസഭയിലെ 556 അയല്‍കൂട്ടങ്ങളില്‍ ഒരു സംരംഭം എന്ന നിലയില്‍ പ്രാദേശിക സംരംഭങ്ങള്‍ ആരംഭിക്കും. സിഡിഎസുകളുടെ സഹായത്തോടെ ലഹരിബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കും. നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലേയും തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളെ പങ്കെടുപ്പിച്ച് ഉല്ലാസയാത്ര നടത്തും. നഗരസഭയിലെ 70 വയസ് കഴിഞ്ഞ അമ്മമാരെ ഓണക്കോടി നല്‍കി ആദരിക്കും. വയോജനങ്ങള്‍ക്ക് ശൗചാലയത്തോടുകൂടിയ മുറി, കട്ടില്‍, ഹാപ്പിനസ് പാര്‍ക്ക് എന്നീ പദ്ധതികള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. നഗരത്തിന്‍റെ മുഖം മെച്ചപ്പെടുത്തുന്നതിന് ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി കോട്ടച്ചേരിയില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കുമെന്നും നഗരത്തില്‍ ചിതറിക്കിടക്കുന്ന തട്ടുകടകളെ ഏകോപിപ്പിച്ച് പുതിയ ബസ്റ്റാന്‍റ് പരിസരത്ത് ഫുഡ് കോര്‍ട്ട് സ്ഥാപിക്കുമെന്നും ബജറ്റില്‍ പരാമര്‍ശമുണ്ട്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെമ്മട്ടംവയലില്‍ വിജ്ഞാന ഉല്ലാസകേന്ദ്രം സ്ഥാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ശാസ്ത്രീയമായ അറിവുകള്‍ പകരുന്ന മാനസീകോല്ലാസത്തിനുമുള്ള സൗകര്യവും പാര്‍ക്കിലൊരുക്കും. നഗരത്തിലെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ മികച്ച താമസസൗകര്യം നല്‍കാനായി കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ഗസ്റ്റ് സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു.
കാര്‍ഷികമേഖലക്കും സ്ത്രീ ശാക്തീകരണത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ്