മൂന്നിടത്ത് കുലുക്കികുത്ത് ചൂതാട്ടം: എട്ടുപേര്‍ പിടിയില്‍

പരപ്പ: മൂന്നിടങ്ങളിലായി വെള്ളരിക്കുണ്ട്, ചന്തേര, ആദൂര്‍ പോലീസ് കുലുക്കികുത്ത് ചൂതാട്ടം പിടികൂടി. എട്ടുപേരെ അറസ്റ്റുചെയ്തു. 14630 രൂപയും പിടിച്ചെടുത്തു. പരപ്പ എടത്തോട് ഉത്സവം നടക്കുന്ന ചേരിപ്പാടി ക്ഷേത്ര പരിസരത്ത് വെച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട എടത്തോട് പയാളം കുറ്റ്യോട്ട് ഹൗസില്‍ കുഞ്ഞിരാമന്‍റെ മകന്‍ കെ.ടി.രാജേഷ്(33), പയാളത്തെ കല്യോട്ട് വീട്ടില്‍ ചന്ദ്രന്‍ മകന്‍ കെ.സജിത്ത്(30) എന്നിവരെയാണ് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ കെ.സതീശന്‍ അറസ്റ്റുചെയ്തത്. ചൂതാട്ടത്തിലേര്‍പ്പെട്ട വിജയന്‍, അസീസ്, രവി എന്നിവര്‍ ഓടിരക്ഷപ്പെട്ടു. കളിക്കളത്തുനിന്നും 7510 രൂപയും പിടിച്ചെടുത്തു. തുരുത്തി തലക്കാട്ട് അമ്പലത്തിന് സമീപം പൊതുസ്ഥലത്ത് വെച്ച് കുലുക്കികുത്ത് ചൂതാട്ടത്തിലേര്‍പ്പെട്ട തുരുത്തി കാവുഞ്ചിറയിലെ ഗോപാലന്‍റെ മകന്‍ ടി.രതീശന്‍(44), വലിയപറമ്പ വടക്കേടത്ത് വി.ലക്ഷ്മണന്‍റെ മകന്‍ വി.അനീഷ്(42), തൃക്കരിപ്പൂര്‍ പേക്കടത്തെ രാമകൃഷ്ണന്‍റെ മകന്‍ ടി.പ്രീജിത്ത്(41), തുരുത്തി നെല്ലിക്കാലിലെ നാരായണന്‍റെ മകന്‍ കെ.വി.ജയേഷ്(38), കടിഞ്ഞിമൂല കടവത്ത് ഹൗസില്‍ രാമചന്ദ്രന്‍റെ മകന്‍ കെ.വി.സുഭാഷ്(41) എന്നിവരെയാണ് പിടികൂടിയത്. കളിക്കളത്തുനിന്നും 4120 രൂപയും പിടിച്ചെടുത്തു. അടൂര്‍ കള്ള് ഷാപ്പിന് സമീപം കുലുക്കി കുത്ത് ചൂതാട്ടം നടത്തിയ ഒരാളെ ആദൂര്‍ പോലീസ് പിടികൂടി. എട്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ആദൂര്‍ കോയകുഡ്ലു ഹൗസില്‍ ബാബുവിന്‍റെ മകന്‍ കെ.പി.ശ്രീജിത്ത്(25)നെയാണ് ഇന്‍സ്പെക്ടര്‍ എം.വി.വിഷ്ണുപ്രസാദും സംഘവും പിടികൂടിയത്. കളിക്കളത്തുനിന്നും 3000 രൂപയും പിടികൂടി.