തിരുവനന്തപുരം: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത വ്യവസായി സിജെ റോയിയുടെ 'അസ്വാഭാവിക മരണത്തെ'ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു. സി.ജെ.റോയി മരണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതായി സൂചന പുറത്തുവന്നു. വിദേശ ബിസിനസുകളില്‍ തിരിച്ചടി നേരിട്ടതാണ് റോയിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. പോലീസ് കണ്ടെടുത്ത ഡയറിയില്‍ റോയി കുടുംബത്തോട് ക്ഷമചോദിക്കുന്നുണ്ട്. നിക്ഷേപകരെ കണക്കിലെടുത്ത് സംരംഭം മുമ്പോട്ട് കൊണ്ടുപോകണമെന്നും നിര്‍ദ്ദേശമുണ്ട്. റോയി മരിക്കുന്നതിന് മുമ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സഹോദരനെ രണ്ടുതവണ ഫോണില്‍ വിളിച്ചിരുന്നു. ശബ്ദമില്ലാതെ നിറയൊഴിക്കുന്നതിന് തന്‍റെ റിവോള്‍വറില്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതും മുന്‍കൂട്ടി തീരുമാനിച്ച ആത്മഹത്യയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവയ്ക്കാന്‍ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിര്‍മലാ സീതാരാമന് അയച്ച കത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. റോയിയുടെ മരണത്തെ 'രാജ്യത്തിന്‍റെ നികുതി സംവിധാനത്തിനേറ്റ കളങ്കം' എന്ന് വിശേഷിപ്പിക്കുകയും റെയ്ഡിനിടെ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കെ തോക്ക് റോയിക്ക് എങ്ങനെ ലഭിച്ചു എന്ന് പിണറായി വിജയന്‍ ചോദിച്ചു. റോയിയുടെ സഹോദരന്‍ നടത്തിയ പ്രസ്താവനകളെ ഉദ്ധരിച്ച്, ഐ.ടി. ഉദ്യോഗസ്ഥര്‍ റോയിയെ പീഡിപ്പിച്ചുവെന്ന കുടുംബത്തിന്‍റെ ആരോപണങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്‍റെ ആരോപണം ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സിജെ റോയിയെ മുകളിലേക്ക് പോകാന്‍ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുള്‍പ്പടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പോലീസ് വിശകലനം ചെയ്തുതുടങ്ങി. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാംഗങ്ങള്‍ക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്‍റെ നിരന്തര ഇടപെടല്‍ സമ്മര്‍ദത്തിലാക്കിയെന്നുമാണ് വിവരം. മരണത്തിന് പിന്നിലെ നിഗൂഢതകള്‍ ഒഴിവാക്കാന്‍ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്‍റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളും കുറിപ്പിലുണ്ട്. വിവിധ വ്യക്തികള്‍ക്ക് നല്‍കാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങള്‍ റോയി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്‍റെ പിന്‍ഗാമികള്‍ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പുമായി ദീര്‍ഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിര്‍ത്തരുതെന്ന് അദ്ദേഹം പറയുന്നു. അവര്‍ തന്‍റെ വിശ്വസ്തരായ സഹപ്രവര്‍ത്തകരാണെന്നും, ഇവര്‍ തുടര്‍ന്നും സ്ഥാപനത്തിന്‍റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്. പ്രത്യേക അന്വേഷണ സംഘം നിലവില്‍ കുറിപ്പിലെ വിവരങ്ങള്‍ പരിശോധിച്ചു.
വ്യവസായി റോയിയുടേത് നേരത്തെ തീരുമാനിച്ചുറപ്പിച്ച ആത്മഹത്യയെന്ന് സൂചന