സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണ സംഘത്തിന്‍റെ പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ തേടിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ. ടി.) പരിശോധന നിലവില്‍ ശബരിമലയിലുള്ള സ്വര്‍ണപ്പാളികള്‍ പുതിയതാണോ അതോ സ്വര്‍ണം മാറ്റിയ ശേഷം വീണ്ടും പഴയത് ഉരുക്കി വീണ്ടും നിര്‍മിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അതിസങ്കീര്‍ണമായ ഡീകോഡിങ് നടപടികളാണ് നടക്കുന്നത്. പുതുക്കിക്കൊണ്ടുവന്ന സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യഘട്ട പരിശോധനാ ഫലത്തില്‍ പാളികളില്‍ വ്യത്യാസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ പാളികള്‍ മാറ്റപ്പെട്ടതാകാമെന്ന നിഗമനത്തില്‍ കോടതി അടക്കം എത്തിയിരുന്നുവെങ്കിലും ശാസ്ത്രജ്ഞര്‍ ഇത് പൂര്‍ണമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്. പഴയ പാളികളില്‍നിന്ന് സ്വര്‍ണം ഉരുക്കിയെടുത്ത് വീണ്ടും പൂശി തിരിച്ചുകൊണ്ടുവന്നതാണോ അതോ പഴയ പാളികള്‍ അപ്പാടെ മാറ്റി പുതിയവ സ്ഥാപിച്ചതാണോ എന്നതിലാണ് പരിശോധന. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ദ്വാരപാലക ശില്‍പത്തിലെ പാളികളുടെ ഉള്‍പ്പെടെ കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും വി.എസ്.എസ്.സിക്ക് കൈമാറിയിട്ടുണ്ട്. കൊള്ള നടന്നത് പാളികള്‍ അപ്പാടെയാണോ അതോ സ്വര്‍ണം ഉരുക്കിയെടുക്കുകയായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരമില്ല. മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താതെ കുറ്റപത്രം നല്‍കുന്നത് കേസിനെ കോടതിയില്‍ ദുര്‍ബലമാക്കുമെന്ന ആശങ്കയിലാണ് എസ്.ഐ.ടി. കുറ്റപത്രം വൈകുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണമാവാനും സാധ്യതയുണ്ട്.