പി ടി ഉഷയുടെ ഭര്‍ത്താവ് വി.ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്‍റുമായ ഡോ. പി.ടി.ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന്‍ (64) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ തിക്കോടി പെരുമാള്‍പുരത്ത് ഉഷസ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണന്‍-സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകന്‍. ഡോ. ഉജജ്വല്‍ വിഗ്നേഷ്. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷം പി ടി ഉഷ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മുന്‍ കബഡി താരം കൂടിയായ ശ്രീനിവാസന്‍ പി.ടി.ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹസ്ഥാപകനാണ്. പി.ടി.ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് ട്രഷററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശ്രീനിവാസന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. എംപിയെ നേരില്‍ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.