തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടില്‍ കണ്ണുവെച്ച് സര്‍വ്വമേഖലകളിലും വാരിക്കോരി പ്രഖ്യാപനങ്ങള്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാലന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രത്തിന്‍റെ കടുത്ത അവഗണനയ്ക്കിടെയും കേരളം വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും നികുതി വരുമാനം വെട്ടിക്കുറക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. എങ്കിലും സര്‍വ്വ മേഖലകളിലും വികസനം ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ബജറ്റില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി ബജറ്റില്‍ പന്ത്രണ്ടാംശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി എ കുടിശിഖ മാര്‍ച്ചില്‍ കൊടുത്തുതീര്‍ക്കുമെന്നും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം തുക പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആര്‍ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള എന്‍പിഎസില്‍ നിന്ന് അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടായിരിക്കും. എന്‍പിഎസില്‍ തുടരേണ്ടവര്‍ക്ക് അത് തുടരാവുന്നതാണ്. ജീവനക്കാരുടേയും സര്‍ക്കാരിന്‍റേയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനമുണ്ടായിരിക്കും. അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കാസര്‍കോട് വികസനപാക്കേജിന് 80 കോടി രൂപയും അനുവദിച്ചു. റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതല്‍ 12 വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സിന് 15 കോടി രൂപ, ലോട്ടറി തൊഴിലാളികള്‍, ഓട്ടോറിക്ഷാടാക്സി തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സംസ്ഥാനത്തെ ഹരിതകര്‍മ്മസേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്‍റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഓണറോറിയം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം നല്‍കുമ്പോള്‍ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നല്‍കുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. ക്യാന്‍സര്‍, ലെപ്രസി, ക്ഷയം, എയ്ഡ്സ് രോഗ ബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു., റിട്ടയര്‍മെന്‍റ് ഹോമുകള്‍ക്കായി 30 കോടി രൂപ, തൊഴിലാളി സൗഹൃദ സ്മാര്‍ട്ട് ഓട്ടോ സ്റ്റാന്‍ഡിനായി 20 കോടി രൂപ, ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍ വാങ്ങുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ വഴി എടുക്കുന്ന വായ്പകള്‍ക്ക് 2% പലിശയിളവ്. പദ്ധതിക്കായി 20 കോടി രൂപ, പഴയ പെട്രോള്‍ ഡീസല്‍ ഓട്ടോകള്‍ പൊളിച്ച് പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 40000 രൂപവരെ ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ്, സ്റ്റാര്‍ട്ട് മിഷന് 99.5 കോടി, പ്രവാസി വ്യവസായ പാര്‍ക്കിന് 20 കോടി, കെ ഫോണിന് 112.44 കോടി, കെ സ്പേസിന് 57 കോടി, ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 27.21 കോടി, വിഴിഞ്ഞം വികസനത്തിന് 1000 കോടി, കണ്ണൂരില്‍ മള്‍ട്ടി സെക്ടര്‍ ലോജിസ്റ്റിക്സ് സെന്‍റര്‍ സ്ഥാപിക്കും, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന് 15 കോടി, പെട്രോ കെമിക്കല്‍ പാര്‍ക്കിന് 17 കോടി, കശുവണ്ടി മേഖല പുനരുജ്ജീവനം 30 കോടി, കരകൗശല മേഖലയ്ക്ക് 4.2, കൈത്തറി മേഖലയ്ക്ക് 59 കോടി, കുടുംബശ്രീ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിന് 22.27 കോടി, നേറ്റിവിറ്റി കാര്‍ഡ് പദ്ധതിക്ക് 20 കോടി, വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്ക് 150 കോടി രൂപ, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അതിവേഗ യാത്രാ സൗകര്യത്തിനായി ആര്‍ആര്‍ടിഎസ്., പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ, തിരുവനന്തപുരം തൃശ്ശൂര്‍ ആദ്യഘട്ടം, തൃശ്ശൂര്‍-കോഴിക്കോട് രണ്ടാം ഘട്ടം, കോഴിക്കോട് കണ്ണൂര്‍ മൂന്നാം ഘട്ടം, കണ്ണൂര്‍ -കാസര്‍കോട് നാലാം ഘട്ടം എന്നിങ്ങനെയാണ് ആര്‍ആര്‍ടിഎസ്, നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നല്‍കും, നെല്‍കൃഷി വികസനം 150 കോടി, കേര പദ്ധതിക്കായി 100 കോടി രൂപ, മൃഗസംരക്ഷണത്തിന് 318 കോടി, മണ്ണ് സംരക്ഷണത്തിന് 84.21 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 78 കോടി രൂപ, വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 33 കോടി രൂപ, തിരുവനന്തപുരത്ത് വിഎസ് സെന്‍ററിനുവേണ്ടി 20 കോടി രൂപ, മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതല്‍, നാലു വര്‍ഷം കൊണ്ട് 1,45,586 പേര്‍ക്ക് പിഎസ്സി വഴി നിയമനം, സ്കൂള്‍പാചകത്തൊഴിലാളികളുടെ ദിവസവേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു, പ്രീപ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു, 'സാക്ഷരതാ പ്രേരക്മാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധന, സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി, ക്ഷേമപെന്‍ഷന് 14,500 കോടി ബജറ്റ് വിഹിതം, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപ കൂട്ടി, അംഗണ്‍വാടി വര്‍ക്കര്‍മാരുടെ പ്രതിമാസവേതനത്തില്‍ 1000 രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപ വര്‍ധിപ്പിച്ചു. ലൈഫ് പദ്ധതി 1497 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ് 200 കോടി രൂപ, ഭിന്നശേഷിക്കാര്‍ക്കായി 'അന്‍പ് വീട്', നിര്‍ഭയ പദ്ധതി സുരക്ഷ ഉറപ്പാക്കാന്‍ 13 കോടി, മലബാര്‍ കാന്‍സര്‍ സെന്‍ററിന് 50 കോടി, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങി ഒട്ടനവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.
കേരള ബജറ്റ്: വോട്ടില്‍ കണ്ണുവെച്ച് വാരിക്കോരി പ്രഖ്യാപനം