മുസ്ലീംലീഗിനെ വെട്ടിലാക്കി സമസ്ത നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ്

കാഞ്ഞങ്ങാട്: ജമാഅത്തെ ഇസ്ലാമി - മുസ്ലിംലീഗ് രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപോലെ ഏറ്റെടുത്ത് സമസ്തയിലെ ഒരു വിഭാഗം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായപ്പോഴാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവും ലീഗിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.

സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള പ്രശ്നത്തിന് കാരണം തന്നെ ജമാഅത്തെ ഇസ്ലാമിയുമായുമുള്ള ബന്ധമാണെന്ന പുതിയ ആരോപണമാണ് ഹമീദ് ഫൈസി ഉന്നയിക്കുന്നത്. സമസ്തയിലെ പ്രശ്നങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ തെളിയുന്ന ചിത്രം ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി പുതിയ ചില ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് മുസ്ലിംലീഗിന്‍റെ പേരെടുത്തു പറയാതെ അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മുസ്ലിംലീഗില്‍ മുജാഹിദ് വിഭാഗം ആധിപത്യംനേടുന്നു, ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്‍റെ നേതൃത്വത്തില്‍ സമസ്തയെ അക്രമിക്കുന്നു എന്നിവയാണ് സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. അതില്‍നിന്ന് വ്യത്യസ്തമായാണ് സമസ്തലീഗ് തര്‍ക്കത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തുന്നത്. അത് കൃത്യമായി തിരഞ്ഞെടുപ്പുകാലത്ത് മുസ്ലിംലീഗിനെ ലക്ഷ്യംവെച്ചാണെന്നാണ് സമസ്തയിലെ ലീഗ് അനുകൂലവിഭാഗം പറയുന്നത്. അല്ലെങ്കില്‍ എന്തുകൊണ്ടാണ് സിപിഎം മുസ്ലിംലീഗിനെതിരേ നിരന്തരം ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധം സമസ്തനേതാക്കള്‍ ചര്‍ച്ചയാക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിക്കുന്നത് ജമാഅത്ത്ബ്രദര്‍ഹുഡ് ആശയങ്ങള്‍ മുസ്ലിങ്ങളില്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുക്കിക്കൊടുക്കലാകുമെന്നാണ് ഹമീദ് ഫൈസി പറയുന്നത്. ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറിയാല്‍ കൂട്ടുകൂടുന്നവരും സമസ്തയും ഇസ്ലാമുമെല്ലാം തകരുമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കവും പറയുന്നു. സമസ്തയിലെ ലീഗ് വിരുദ്ധപക്ഷത്തെ പ്രധാനികളാണ് ഇരുനേതാക്കളും.