തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഇരുവിഭാഗവും വാദം നടത്തി. വാദം നാളെയും തുടരും. അടച്ചിട്ട കോടതിമുറിയിലാണ് വാദം നടക്കുന്നത്. വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. തുടര്‍ന്നാണ് മറ്റുള്ളവരെ പുറത്തിറക്കി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ ജഡ്ജി വാദം കേള്‍ക്കാനാരംഭിച്ചത്.
രാഹുലിന്‍റെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അറസ്റ്റ് തടഞ്ഞില്ല. ഇതോടെ ഏതാനും ദിവസങ്ങളായി രാഹുലിനെ പിടികൂടാന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും അന്വേഷണം നടത്തുന്ന പോലീസ് സംഘം അന്വേഷണം വീണ്ടും ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഹാജരാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തെളിവുകള്‍ നിരത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാഹുലിന്‍റെ അഭിഭാഷകന്‍ യുവതിക്കെതിരായ തെളിവുകളായി പെന്‍ഡ്രൈവുകളും വീഡിയോകളും സമര്‍പ്പിച്ചിട്ടുണ്ട്. ശാസ്തമംഗലം അജിത് കുമാറാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയില്‍ ഹാജരായിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുല്‍ മാങ്കൂട്ടത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെണ്‍കുട്ടി പറഞ്ഞതുപോലെ ഫ്ളാറ്റില്‍ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ചെയ്തിട്ടില്ലെന്നുമാണ് രാഹുലിന്‍റെ നിലപാട്.
ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഏറെ നിര്‍ണായകമാണ് ഇന്ന്. അതേസമയം യുവതി പരാതി നല്‍കിയ ഏഴാം ദിവസവും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതുവരെ രാഹുലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാഹുല്‍ ബാംഗ്ലൂരില്‍ ഒളിവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. നടിയുടെ കാറില്‍ രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയത് യുവതി സ്വന്തം നിലയിലാണ്. സംസാരത്തിന്‍റെ ഓഡിയോ റിക്കാര്‍ഡ് ചെയ്തു. നല്ല സൗഹൃദം നിലനില്‍ക്കുമ്പോള്‍ ചാറ്റുകള്‍ റിക്കാര്‍ഡ് ചെയ്തു. ഇത് പിന്നീട് യുവതി ജോലിചെയ്യുന്ന മാധ്യമസ്ഥാപനത്തിന് കൈമാറി. മാധ്യമസ്ഥാപനത്തില്‍ നിന്നും രാഹുല്‍മാങ്കൂട്ടത്തിനെതിരെ പരാതികൊടുക്കാന്‍ സമ്മര്‍ദ്ദമുണ്ടായി. തുടങ്ങിയ വിവരങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദത്തിനിടയില്‍ നിരത്തിയത്. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ആസൂത്രിതമായി സിപിഎം മെനഞ്ഞുണ്ടാക്കിയ കഥയാണെന്നും ഇതിന് പിന്നില്‍ ബിജെപിയുടെ ശക്തമായ ഇടപെടലുകളുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. നേതാക്കളായ കെ.മുരളീധരന്‍, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടാമതൊരു ബലാത്സംഗ പരാതികൂടി ഉയര്‍ന്നതോടെ രാഹുലിനെ ഏതാണ്ട് കോണ്‍ഗ്രസ് കൈവിട്ട മട്ടാണ്. തന്നെയുമല്ല രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള ആലോചനകളും ആരംഭിച്ചു.