മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയില്‍ ചെയ്തകേസില്‍ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനെയാണ് അങ്ങാടിപ്പുറത്ത് നിന്നും പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഷാന്‍ ഷാനു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇയാള്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അതിന് മുമ്പ് ജനുവരി 31 ന് വൈകീട്ട് മുഹമ്മദ് റോഷന്, മോയീന്‍ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തല്‍മണ്ണയിലെ മാളില്‍ വിളിച്ചുവരുത്തി സാദിഖലി തങ്ങളുടേതാണെന്ന് പറഞ്ഞ് അവ്യക്തമായ ദൃശ്യങ്ങളും വീഡിയോയും കാണിക്കുകയും ഇത് പുറത്തുവിടാതിരിക്കാന്‍ 15 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തത്. പണം കൊടുത്തില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, ഇക്കാര്യം പുറത്തു പറഞ്ഞാലോ, പോലീസില്‍ പരാതിപ്പെട്ടാലോ മൊയീനലി തങ്ങളേയും സുഹൃത്തിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പണം നല്കാന് ഇവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് മാര്‍ച്ച് 21ന് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് മൊയീനലി തങ്ങള്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കലാപശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. നേരത്തെ മുസ്ലീം ലീഗിന്റെ പരാതിയില്‍ മലപ്പുറം സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. അറസ്റ്റിലായ മുഹമ്മദ് റോഷന് കാപ്പ കേസിലും പ്രതിയാണ്.
സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചരണം: കാപ്പ കേസ് പ്രതി അറസ്ററില്‍