എല്‍പിജി വിലയില്‍ വീണ്ടും കുതിപ്പ് ; വാണിജ്യ എല്‍പിജിക്ക് 195.50 രൂപ കൂട്ടി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി സിലിണ്ടറിന് ഇന്ന് 195.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്‍റെ വില 2,078.50 രൂപയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി വില പരിഷ്കരിക്കാറുണ്ട്.

വിമാന ഇന്ധനമായ എ.ടി.എഫിന്‍റെ വില ചരിത്രത്തിലാദ്യമായി കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഡല്‍ഹിയില്‍ വിമാന ഇന്ധന വില കിലോലിറ്ററിന് 2,07,341.22 രൂപയായി വര്‍ധിച്ചു. നേരത്തെ 2022ല്‍ റഷ്യയുക്രൈന്‍ യുദ്ധകാലത്തുണ്ടായ 1.1 ലക്ഷം രൂപയായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാണിജ്യ എല്‍.പി.ജി വിലയിലും സമാനമായ വര്‍ധനവാണുണ്ടായത്. മാര്‍ച്ച് ഒന്നിന് ശേഷം ഇത് മൂന്നാം തവണയും ഈ വര്‍ഷം ഇത് അഞ്ചാം തവണയുമാണ് വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിക്കുന്നത്. പ്രീമിയം ഇന്ധനങ്ങള്‍ക്കും വലിയ രീതിയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓയിലിന്‍റെ എക്സ്.പി 100 പ്രീമിയം പെട്രോളിന്‍റെ വില ലിറ്ററിന് 149 രൂപയില്‍ നിന്ന് 160 രൂപയായി ഉയര്‍ത്തി. കൂടാതെ പ്രീമിയം ഡീസലായ എക്സ്ട്രാ ഗ്രീനിന്‍റെ വില ലിറ്ററിന് 92.99 രൂപയായും വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയവും നേരത്തെ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ വര്‍ധിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ഊര്‍ജ്ജ വിതരണ ശൃംഖലയെ ബാധിച്ചതാണ് ഈ വന്‍ വിലക്കയറ്റത്തിന് പ്രധാന കാരണം. ആഗോള എണ്ണവിലയില്‍ ഏകദേശം 50 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായത്. യുഎസ്ഇറാന്‍ സംഘര്‍ഷം മൂലം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും ലോജിസ്റ്റിക്സ് ചിലവുകളിലെ വര്‍ധനവും എണ്ണക്കമ്പനികളെ ഈ തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു. ആഗോളതലത്തിലെ ഈ അസ്ഥിരത വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. വാണിജ്യ എല്‍പിജിയുടെ വില വര്‍ദ്ധനവ് കേരളത്തിലുള്‍പ്പെടെ ഹോട്ടല്‍ വ്യവസായത്തെ പൂര്‍ണ്ണമായും സ്തംഭിപ്പിച്ചേക്കും. നിലവില്‍ തന്നെ 80 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ഹോട്ടലുകള്‍ക്കാവശ്യമായ എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടം പോലെ ലഭ്യമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും സിലിണ്ടറുകള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോള്‍ വിലയും വര്‍ദ്ധിപ്പിച്ചതോടെ ഹോട്ടല്‍ ഉടമകള്‍ക്ക് ഇടിതീയായി മാറി. നിലവില്‍ വന്‍ തുക അധികമായി നല്‍കി കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ വാങ്ങിയാണ് ഹോട്ടലുകള്‍ മിക്കതും നടത്തിക്കൊണ്ടുപോകുന്നത്. വിലവര്‍ദ്ധനവ് കൂടി വന്നതോടെ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ട അവസ്ഥയാവും.