തിരുവനന്തപുരം: ശസ്ത്രക്രിയാ പിഴവുകള്‍ക്ക് തടയിടാന്‍ മാര്‍ഗരേഖയുമായി ആരോഗ്യവകുപ്പ്. ഉപകരണങ്ങള്‍ ശരീരത്തിനുള്ളില്‍ മറന്നുവെക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതുക്കിയ മാര്‍ഗരേഖ. കര്‍ശനമായ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഇത് സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ശസ്ത്രക്രിയാ വിവരങ്ങള്‍ അടങ്ങിയ റിസ്റ്റ് ബാന്‍ഡ് രോഗികളുടെ കൈയില്‍ ധരിപ്പിക്കണം എന്നതാണ് മാര്‍ഗരേഖയിലെ ഒരു നിര്‍ദ്ദേശം. ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഈ ബാന്‍ഡ് ധരിപ്പിക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഏതാണെന്ന് ഇതില്‍ രേഖപ്പെടുത്തണം. ഓപ്പറേഷന് തിയേറ്ററില്‍ യാതൊരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നേഴ്സും രോഗിയുടെ ഐപി നമ്പര്‍, കേസ് റെക്കോഡ് എന്നിവ പൂര്‍ത്തിയാക്കണം. വാര്‍ഡ് ഡോക്ടറും നേഴ്സ് ഇന്‍ചാര്‍ജും പ്രീ ഓപ്പറേറ്റീവ് ചെക്ക്ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്ററിന്റെ ചുമതലയുള്ള നേഴ്സിങ് ഓഫീസര്‍ ഇത് വായിച്ച് ഒപ്പിടണം. ഇതിന് ശേഷം മാത്രമേ രോഗിയെ തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ഉപയോഗശേഷം നശിപ്പിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ കണക്കെടുപ്പ് നടത്തണം. ശസ്ത്രക്രിയയ്ക്ക് മുമ്പായി വൈറ്റ് ബോര്‍ഡില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തണം. ശസ്ത്രക്രിയ കഴിഞ്ഞശേഷം ഉപകരണങ്ങളുടെ എണ്ണം പരിശോധിച്ചശേഷം ചെക്ക്ലിസ്റ്റ് ബന്ധപ്പെട്ട മേധാവിക്ക് കൈമാറണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം നടപ്പായാല്‍ ആര്‍ക്കും പരസ്പരം പഴിചാരാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
രോഗിക്ക് റിസ്ററ് ബാന്‍ഡ്, ശസ്ത്രക്രിയാ പിഴവുകള്‍ തടയാന്‍ മാര്‍ഗരേഖ