എ.പി.അബ്ദുള്ള സ്മാരക അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന്

കാഞ്ഞങ്ങാട്: ജില്ലാ മുസ്ലിം ലീഗിന്‍റെ പ്രഥമ പ്രസിഡന്‍റ് എ.പി.അബ്ദുല്ലയുടെ പേരില്‍ അജാനൂര്‍ തെക്കേപ്പുറം ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്‍റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഡോ.അബൂബക്കര്‍ കുറ്റിക്കോലിന് നല്‍കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു. കാല്‍ലക്ഷം രൂപയും പ്രശംസ പത്രമാണ് അവാര്‍ഡ്. ജനുവരി 5 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ക്ലാസിക്കോ ഇന്‍റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും. ചാരിറ്റി സെന്‍റര്‍ രക്ഷാധികാരി പാലക്കി കുഞ്ഞാമ്മദ് ഹാജി അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും അവാര്‍ഡ് ജൂറി അംഗവുമായ ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സി. കുഞ്ഞാമ്മദ് പാലക്കി, ബഷീര്‍ വെള്ളിക്കോത്ത് എ.പി.ഉമ്മര്‍, ഇക്ബല്‍ വെള്ളിക്കോത്ത്, ശുക്കൂര്‍ പള്ളിക്കാടത്ത് എന്നിവര്‍ സംബന്ധിച്ചു.